എൽ.പി സ്കൂൾ വിദ്യാർഥികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്, പ്രതി ഒളിവിൽ
കുളത്തൂപ്പുഴ ട്രൈബൽ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തിഷാനെതിരെയാണ് കേസ്.
കൊല്ലം: കുളത്തൂപ്പുഴയില്‍ എൽ.പി സ്കൂൾ വിദ്യാർഥികളെ അധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ട്രൈബൽ സ്കൂളിലെ അറബി അധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തിഷാനെതിരെയാണ് കേസ്. പ്രതി ഒളിവിലാണെന്ന് കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു.
മൂന്ന് മാസം മുൻപാണ് ബാത്തിഷാൻ സ്കൂളിൽ അധ്യാപകനായെത്തുന്നത്. കുട്ടികളെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ശരീരത്തിൽ സ്പർശിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. രണ്ടു പരാതിയിലാണ് പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പൊലീസ് കേസെടുത്തത്.
കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റുകുട്ടികളോട് കൂടി ചോദിക്കയും ചെയ്തപ്പോഴാണ് ബാത്തിഷാൻ്റെ ചെയ്തികൾ പുറത്തായത്. രണ്ടു കുട്ടികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയാണ് പോലീസ് ബാത്തിഷാനെതിരെ കേസെടുത്തത്. അധ്യാപകൻ്റെ ലൈഗികാതിക്രമം സ്കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്നും, പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.