കൊല്ലത്ത് ദേശീയപാത തകർന്ന സംഭവം; കരാർ കമ്പനിയെ വിലക്കി കേന്ദ്രം
ഒരു മാസത്തേക്കാണ് വിലക്ക്
കൊല്ലം: ദേശീയപാത തകർന്ന സംഭവത്തിൽ കരാർ കമ്പനിയെ വിലക്കി കേന്ദ്രം. ഒരു മാസത്തേക്കാണ് വിലക്ക്. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ ഒരു മാസത്തിനകം കാരണം കാണിക്കൽ നോട്ടീസ് നൽകണം. വിദഗ്ധ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദേശീയപാതയില്‍ കൊട്ടിയം മൈലക്കാട് ഉയരപ്പാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തായിരുന്നു ഇന്നലെ വൈകിട്ട് 4 മണിയോടെ അപകടം ഉണ്ടായത്. ദേശീയപാതയിലെ കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇടിഞ്ഞു വീണ് സര്‍വീസ് റോഡും തകര്‍ന്നു. സ്‌കൂള്‍ ബസ് അടക്കം കടന്നുപോയ സമയത്തുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. റോഡ് തകര്‍ന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.30ന് കളക്ടറേറ്റില്‍ യോഗം ചേരും. ദേശീയപാത തോട്ടിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. വേണ്ട പഠനങ്ങള്‍ നടത്താതെ ആണ് 30 മീറ്റര്‍ ഉയരത്തില്‍ സ്ലാബുകള്‍ അടുക്കി മണ്ണിട്ടത് എന്നാണ് ആക്ഷേപം. നിലവിലെ നിര്‍മാണം ഉപേക്ഷിച്ചു പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ പണിയണം എന്നതാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെ ആവശ്യം.
അതേസമയം തകര്‍ന്ന ഭാഗം പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കും എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. റോഡ് തകര്‍ന്നതില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോര്‍ട്ട് തേടി. ദേശീയപാത അതോറിറ്റി അധികൃതരില്‍ നിന്ന് വിശദീകരണം തേടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തകര്‍ന്ന ഭാഗത്തെ സംരക്ഷണ ഭിത്തികള്‍ ഇളക്കിമാറ്റി മണ്ണ് നീക്കം ചെയ്തശേഷം സര്‍വീസ് റോഡിലെ തകര്‍ച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി. ഡല്‍ഹിയില്‍ നിന്നുള്ള ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘവും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും.