ജീവിതംകൊണ്ട് ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയക്കാരി: ചെന്നിത്തല

'ഗൗരവത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയും വാത്സല്യം സമ്മാനിക്കുകയും ചെയ്ത എത്രയോ മുഹൂർത്തങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്'

Update: 2021-05-11 05:13 GMT
Editor : Shaheer | By : Web Desk
Advertising

കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരി യാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കെആർ ഗൗരിയമ്മ നയിച്ചത് ഇതിഹാസജീവിതമായിരുന്നു. മന്ത്രിയായിരിക്കെ കാർഷിക രംഗത്തും ഭൂപരിഷ്‌കരണ മേഖലയിലും ഗൗരിയമ്മ നൽകിയ സംഭാവന കേരളം എന്നും ഓർത്തിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഉയർന്ന ജീവിതപശ്ചാത്തലവും നിയമപണ്ഡിത്യവും കൈമുതലായുള്ള ഗൗരിയമ്മ നാടിനും സാധാരണക്കാർക്കും വേണ്ടി ജീവിതം സമർപ്പിക്കുകയായിരുന്നു. കൊടിയപീഡനം ഏറ്റുവാങ്ങുമ്പോഴും നിലപാടുകളിൽനിന്ന് ഒരിഞ്ച് പിന്നോട്ട് പോയില്ല. അവസാനശ്വാസം വരെ സ്വന്തം നിലപാടിനോട് നീതിപുലർത്തിയാണ് ഗൗരിയമ്മ ജീവിച്ചത്. ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവർ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാർക്കശ്യം തന്നെയായിരുന്നു.

ഗൗരിയമ്മയുടെ ഭരണപാടവം ഭരണകർത്താക്കൾക്ക് പാഠപുസ്തകമാണ്. ചരിത്രത്തിന്റെ ഭാഗമാകുകയല്ല മറിച്ചു ജീവിതംകൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. ഇത്രയേറെ ഭരണനൈപുണ്യമുള്ള നേതാവ് മുഖ്യമന്ത്രി ആകാതിരുന്നതാണ് കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരവത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയും വാത്സല്യം സമ്മാനിക്കുകയും ചെയ്ത എത്രയോ മുഹൂർത്തങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. ഗൗരിയമ്മയുടെ വേർപാട് വ്യക്തിപരമായി ഏറെ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News