'കേരളത്തിൽ കാസ- ആർഎസ്എസ് വർഗീയ കൂട്ടുകെട്ട്, കർശന നിരീക്ഷണവും നടപടി വേണം'; പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി
മൂന്നാംമുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Pinarayi Vijayan | Photo | Special Arragement
തിരുവനന്തപുരം: കേരളത്തിൽ കാസ- ആർഎസ്എസ് വർഗീയ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നിരീക്ഷണവും നടപടിയും വേണം. പൊലീസ് ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. റവാഡ ചന്ദ്രശേഖർ ഡിജിപി ആയി ചുമതലയേറ്റ ശേഷം ആദ്യമായാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
മൂന്നാംമുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പോക്‌സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിച്ചതിൽ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്തനംതിട്ട എസ്പിയായിരിക്കെ വിജി വിനോദ്കുമാർ പോക്‌സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.