ബലാത്സംഗ കേസിൽ സിഐയെ അറസ്റ്റ് ചെയ്യാൻ തെളിവില്ലെന്നാവർത്തിച്ച് പൊലീസ്; ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു

ചോദ്യം ചെയ്യലിന് പുറമെ ശാസ്ത്രീയ പരിശോധനകളിലേക്കും സാഹചര്യ തെളിവുകള്‍ ശേഖരിക്കാനുളള നടപടികളിലേക്കും പൊലീസ് കടന്നിരുന്നു

Update: 2022-11-15 16:10 GMT

 കൊച്ചി:  ബലാത്സംഗ കേസിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് സിഐ പി.ആർ സുനുവിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തിട്ടും സുനുവിനെ അറസ്റ്റ് ചെയ്യാനുളള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കാത്തതിനെ തുടർന്നാണ് വിട്ടയച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയാണ് സുനു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പുറമെ ശാസ്ത്രീയ പരിശോധനകളിലേക്കും സാഹചര്യ തെളിവുകള്‍ ശേഖരിക്കാനുളള നടപടികളിലേക്കും പൊലീസ് കടന്നിരുന്നു. എന്നാൽ സിഐയെ അറസ്റ്റ് ചെയ്യാനുളള സാഹചര്യ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. യുവതിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൊഴികളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.  

Advertising
Advertising

തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വച്ചും സി.ഐ അടക്കമുള്ളവർ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ, യുവതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.  കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇതിൽ സി.ഐക്കൊപ്പം നാലു പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ പൊലീസുകാരനെതിരായ പോക്‌സോ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിന്റ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. വടകര റൂറൽ വനിതാ സെല്ലിലെ പൊലീസ് ഇൻസ്‌പെക്ടറായ ഉഷാകുമാരിയുൾപ്പെടെ രണ്ട് വനിതാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണ പുരോഗതി എല്ലാദിവസവും കോഴിക്കോട് റൂറൽ എസ്പിയെ അറിയിക്കണം. കേസിൽ പ്രതിയായ സിപിഒ വിനോദ് കുമാർ ഒരു മാസത്തോളമായി ഒളിവിലാണ്. ബന്ധുക്കളായ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളുടെ മൊഴിയിലാണ് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയത്. പെൺകുട്ടികളുടെ അമ്മയും വിനോദ് കുമാറിനെതിരെ നേരത്തെ പീഡന പരാതി നൽകിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News