കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയതിൽ മന്ത്രിക്കെതിരെ സിഐടിയു യൂണിയൻ

പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി സിഎംഡി നടപടിയെടുത്തത്.

Update: 2025-10-07 16:21 GMT

Photo| Special Arrangement

തിരുവനന്തപുരം: ​കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിയിൽ ​ഗതാ​ഗത മന്ത്രിക്കെതിരെ സിഐടിയു യൂണിയൻ. ഗതാ​ഗത മന്ത്രി ബസ് തടഞ്ഞതിന് പിന്നാലെ ജീവനക്കാരെ സ്ഥലംമാറ്റിയതിനെതിരെയാണ് കെഎസ്ആർടിഇഎ പ്രതിഷേധവുമായി രം​ഗത്തുവന്നത്. ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ പരസ്യ വിചാരണ ചെയ്യുന്നതിന് പകരം ന്യൂനതകൾ പരിഹരിക്കണമെന്നും വിഷയവുമായി ബന്ധമില്ലാത്ത ജീവനക്കാരെ സ്ഥലംമാറ്റി കൈയടി നേടാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്നും യൂണിയൻ പറയുന്നു.

പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി സിഎംഡി നടപടിയെടുത്തത്. ഒക്ടോബർ ഒന്നിന് ബസ് കൊല്ലം ആയൂരിൽ വച്ച് മന്ത്രി തടയുകയും കുപ്പി അടുക്കിയിട്ടതിന് ജീവനക്കാരെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.

Advertising
Advertising

എന്നാൽ, ഈ സംഭവവുമായി ജീവനക്കാർക്ക് ബന്ധമില്ലെന്നും ബസ് കഴുകാനും വൃത്തിയാക്കാനും പൊൻകുന്നം യൂണിറ്റിൽ തലേദിവസം ആരുമുണ്ടായിരുന്നില്ലെന്നും ഈ വസ്തുത അവഗണിച്ചാണ് നടപടിയെന്നും കെഎസ്ആർടിഇഎ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. യാത്രക്കാർ ബസിൽ കയറുമ്പോൾ കൈയിലുള്ള കുപ്പികളും സ്‌നാക്‌സ് പാക്കറ്റുകളും ബസിനുള്ളിൽ ഉപേക്ഷിക്കുക പതിവാണ്. ഇവ നീക്കൽ ക്ലീനിങ് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.

ഒരു ദിവസം ക്ലീനിങ്ങിന് ആളില്ലെങ്കിൽ പിറ്റേന്ന് ബസ് സർവീസിന് അയയ്‌ക്കേണ്ടതില്ലെങ്കിൽ ഇത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കുകയാണ് മന്ത്രിയടക്കമുള്ള ഉന്നത അധികാരികൾ ചെയ്യേണ്ടത്. കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ വരുമാന നഷ്ടം ഉണ്ടാവാതിരിക്കാനാണ് ഊന്നൽ നൽകേണ്ടത്. നടുറോഡിൽ ബസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുള്ള ജീവനക്കാരെ പരസ്യവിചാരണ ചെയ്യുന്നതിന് പകരം ന്യൂനതയുണ്ടെങ്കിൽ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.

ഇതുമായി ബന്ധമില്ലാത്ത ജീവനക്കാരെ ശിക്ഷിച്ച് കൈയടി നേടാനുള്ള നീക്കത്തിന്റെ ഭാഗമായി മന്ത്രി സ്വീകരിച്ച നടപടിയിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും ശിക്ഷാനടപടി എത്രയും വേഗം തിരുത്തണമെന്നും കെഎസ്ആർടിഇഎ ആവശ്യപ്പെടുന്നു. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News