''പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പ്രേമചന്ദ്രനെ സംഘിയാക്കിയവരാണ് സി.പി.എം നേതാക്കൾ''; വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി വി.ഡി സതീശൻ

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായാണ് കേന്ദ്ര അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു ക്ഷണിച്ചത്

Update: 2022-08-27 11:37 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സി.പി.എം-ബി.ജെ.പി രഹസ്യബന്ധത്തിന്റെ തെളിവാണ് പരിപാടിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളംകളിയിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചത് വിസ്മയത്തോടെയാണ് കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി കൊല്ലത്തെ ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന്റെ പേരിൽ എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം നേതാക്കളെല്ലാം. അമിത് ഷായെ ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ്-സതീശൻ വിമർശിച്ചു.

കോൺഗ്രസ്മുക്ത ഭാരത മുദ്രാവാക്യവും തുടർഭരണ മുദ്രാവാക്യവും ഒരുമിച്ചതിന്റെ തെളിവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്? ലാവ്‌ലിൻ കേസാണോ സ്വർണക്കടത്തുകേസാണോ ക്ഷണത്തിന് പ്രേരണയെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായാണ് കേന്ദ്ര അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചത്. ഈ മാസം 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അമിത് ഷായെ ക്ഷണിച്ച് കത്തയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ മാസം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതിൽ അമിത് ഷാ അടക്കം പ്രമുഖർ പങ്കെടുക്കും. യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലും 2021ലും നെഹ്റു ട്രോഫി വള്ളംകളി നടന്നിരുന്നില്ല. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവിൽ മത്സരം നടന്നത്. ഇടവേളയ്ക്കുശേഷം സെപ്റ്റംബർ നാലിനു നടക്കുന്ന വള്ളംകളി കൂടുതൽ സമുചിതമായി നടത്താനാന് സംഘാടകസമിതിയുടെ തീരുമാനം. ഇത്തവണ വള്ളംകളിക്കൊപ്പം ഈ വർഷത്തെ ചാംപ്യൻസ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കുന്നുണ്ട്.

Summary: ''CM Pinarayi Vijayan and the CPM should clarify whether the motive behind inviting Amit Shah to the boating race was the Lavalin case or the gold smuggling case'', asks Leader of the Opposition VD Satheesan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News