'നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു': വിമാനത്തില്‍ നടന്നത് വധശ്രമമെന്ന് എഫ്.ഐ.ആര്‍

'തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു'

Update: 2022-06-14 05:49 GMT

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ എഫ്.ഐ.ആറിന്‍റെ പകർപ്പ് മീഡിയവണിന്. പ്രതികൾ എത്തിയത്‌ മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

'നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ' എന്ന് മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രോശിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ആക്രമിച്ച് കൊലപ്പെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Advertising
Advertising

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്‍റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

പേഴ്‌സണൽ സ്റ്റാഫംഗങ്ങളാണ്, മുഖ്യമന്ത്രിക്കു നേരെയുണ്ടായത് വധശ്രമമാണെന്ന മൊഴി പോലീസിന് നൽകിയത്. അതേസമയം പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇ പി ജയരാജൻ പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്നു കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News