വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം രാവിലെ 11ന്

രാവിലെ 9 മണിക്ക് പി.വി അൻവർ എംഎൽഎയും മാധ്യമങ്ങളെ കാണുന്നുണ്ട്.

Update: 2024-09-21 01:13 GMT

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. എ.ഡി.ജി.പിക്കെതിരായ അൻവറിന്റെ ആരോപണങ്ങളിലും തൃശൂർ പൂരം കലക്കലിലും പ്രതികരണമുണ്ടാകും. രാവിലെ 11 മണിക്കാണ് വാർത്താ സമ്മേളനം. രാവിലെ ഒൻപത് മണിക്ക് പി.വി അൻവർ എംഎൽഎയും മാധ്യമങ്ങളെ കാണുന്നുണ്ട്.

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് അടക്കമുള്ള വിവാദങ്ങളിൽ മറുപടിയുണ്ടാകും. മുന്നണിയിലെ സിപിഐ അടക്കമുള്ളവർ ഘടകകക്ഷികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നതിലും വ്യക്തത ഉണ്ടായേക്കും.

Advertising
Advertising

സംസ്ഥാന ഭരണകൂടത്തെ ആകെ പിടിച്ചുലച്ച വിഷയങ്ങൾ ഉയർത്തിയ പി.വി അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമോ എന്നതും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നതും ഏവരും ഉറ്റുനോക്കുകയാണ്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവരാവകാശത്തിന് മറുപടി നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫീസറായ ഡിവൈഎസ്പി എം.എസ്.സന്തോഷിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സന്തോഷ് നൽകിയ മറുപടി തെറ്റാണെന്നും സർക്കാരിനും പൊലീസ് സേനക്കും കളങ്കം വരുത്തിയെന്നും ആരോപിച്ചായിരുന്നു സസ്പെൻഷൻ.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട മെമ്മോറാണ്ട വിഷയത്തിൽ മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം ഉന്നയിക്കാനാണ് സാധ്യത. പുനരധിവാസ പ്രവർത്തനങ്ങളെ മാധ്യമങ്ങൾ അട്ടുമറിക്കുന്നു എന്ന വിമർശനം മുഖ്യമന്ത്രിക്കുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News