പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്‍റ് ഇനി കോവിഡ് ചികിത്സാ കേന്ദ്രം

600 പേർക്ക് കിടക്കാൻ കഴിയുന്ന കോവിഡ് ചികിത്സാ കേന്ദ്രമാണ് ഇവിടെ സജ്ജമാവുന്നത്

Update: 2021-05-13 02:57 GMT
Advertising

പാലക്കാട് പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്‍റ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നു. 600 പേർക്ക് കിടക്കാൻ കഴിയുന്ന കോവിഡ് ചികിത്സാ കേന്ദ്രമാണ് ഇവിടെ സജ്ജമാവുന്നത്. കൊക്കകോള കമ്പനിയുടെ സഹകരണത്തോടെയാണ് ചികിത്സ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.

2004ൽ അടച്ചു പൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കെട്ടിടങ്ങളെല്ലാം വെറുതെ കിടക്കുകയാണ്. ഇത് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ നടപടി ആരംഭിച്ചു. പാലക്കാട് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൊക്കകോള കമ്പനി ചികിത്സ കേന്ദ്രമാക്കി മാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

പെരുമാട്ടി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ കൊക്കകോള പ്ലാന്‍റ് വൃത്തിയാക്കി. ഇവിടത്തെ ഉപകരണങ്ങളെല്ലാം നേരത്തേ മാറ്റിയതിനാൽ വലിയ ഹാൾ ചികിത്സാ കേന്ദ്രത്തിനായി ഉപയോഗിക്കാൻ കഴിയും. 600 ബെഡ് ഇടാനുളള സൗകര്യമുണ്ട്. ചികിത്സാ കേന്ദ്രത്തിൽ 150 ഓക്സിജൻ ബെഡും ഉണ്ടാവും. ചികിത്സാ കേന്ദ്രം ഒരുക്കുന്നതിനുള്ള ചെലവിന്‍റെ പകുതി കൊക്കകോളയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് ചികിത്സാ കേന്ദ്രം സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി റീത്ത പറഞ്ഞു. പ്ലാച്ചിമടയ്ക്ക് പുറമെ കൊഴിഞ്ഞാമ്പാറ പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News