ജമാഅത്തെ ഇസ്‌ലാമിയുമായി മുമ്പും മുന്നണി ഭേദമില്ലാതെ സഹകരണങ്ങളുണ്ടായിട്ടുണ്ട്': വിമർശനവുമായി ഹക്കീം അസ്ഹരി
''ജമാഅത്തിനോടുള്ള ആശയപരമായ സമീപനത്തിൽ തെരഞ്ഞെടുപ്പുകളോട് ചേർന്നു നിന്ന് മാറ്റം വരുത്താത്തത് സുന്നി പ്രസ്ഥാനങ്ങൾ മാത്രമാണ്. മറ്റു മതേതര, സാമുദായിക രാഷ്ട്രീയ പാർട്ടികൾക്ക് ജമാഅത്ത് വിമർശത്തിൽ സ്ഥിരസ്വഭാവമുണ്ടായിട്ടില്ല''
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുമായി കക്ഷി - മുന്നണി ഭേദമില്ലാതെ കൂടിച്ചേരലുകളും സഹകരണങ്ങളും മുമ്പും കേരളത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കാന്തപുരം വിഭാഗം നേതാവ് ഡോ. അബ്ദുൾ ഹക്കീം അസ്ഹരി.
ജമാഅത്തിനോടുള്ള ആശയപരമായ സമീപനത്തിൽ തെരഞ്ഞെടുപ്പുകളോട് ചേർന്നു നിന്ന് മാറ്റം വരുത്താത്തത് സുന്നി പ്രസ്ഥാനങ്ങൾ മാത്രമാണ്. മറ്റു മതേതര, സാമുദായിക രാഷ്ട്രീയ പാർട്ടികൾക്ക് ജമാഅത്ത് വിമർശത്തിൽ സ്ഥിരസ്വഭാവമുണ്ടായിട്ടില്ലെന്നും അസ്ഹരി വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.
യുഡിഎഫ്- വെൽഫെയർ പാർട്ടി പിന്തുണ സ്വീകരിക്കുന്നതിൽ സിപിഎം വിമർശനം ഉയർത്തുന്നതിനിടെയാണ് ഹക്കീം അസ്ഹരിയുടെ പ്രതികരണം. ജമാഅത്തിനെതിരെയുള്ള സുന്നികളുടെ വിമർശം ആശയപരമാണ്. മതരാഷ്ട്രവാദം ജമാഅത്തെ ഇസ്‌ലാമി ഉപേക്ഷിച്ചിട്ടില്ല. ഉപക്ഷിച്ചുവെങ്കിൽ ജമാഅത്തും സ്ഥാപകൻ മൗദൂദിയും തമ്മിൽ പിന്നെയെന്ത് എന്ന് അവർ തന്നെ വിശദീകരിക്കേണ്ടതാണ്. അതു മറ്റു കക്ഷി നേതാക്കൾ വിശദീകരിച്ചാൽ മതിയാകില്ലെന്നും അസ്ഹരിയുടെ പോസ്റ്റിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
തിരഞ്ഞെടുപ്പുകളിലെ കക്ഷി രാഷ്ട്രീയ ഭിന്നതകളിലും ചേർച്ചകളിലും ഇടപെടേണ്ടതില്ലെന്ന പൊതുനിലപാടാണ് നമുക്കുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുമായി ബന്ധപ്പെട്ട് സുന്നി പ്രസ്ഥാനത്തിൻ്റെ പ്രതികരണമാരായുന്നത്, ആശയപരമായി സംവാദത്തിലേർപ്പെട്ടു വരുന്ന മുസ്‌ലിം വിഭാഗങ്ങൾ എന്ന നിലയിലായിരിക്കും.
ജമാഅത്തിനെതിരെയുള്ള സുന്നികളുടെ വിമർശം ആശയപരമാണ്. മതരാഷ്ട്രമാണ് ജമാഅത്തേ ഇസ്‌ലാമിയുടെ ഐഡിയോളജി. അടിസ്ഥാനപരമായി അവർ ഈ ആശയം ഉപേക്ഷിച്ചതായി കണ്ടിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ പിന്നെ ജമാഅത്തും സ്ഥാപകൻ മൗദൂദിയും തമ്മിൽ പിന്നെയെന്ത് എന്ന് അവർ തന്നെ വിശദീകരിക്കേണ്ടതാണ്. അതു മറ്റു കക്ഷി നേതാക്കൾ വിശദീകരിച്ചാൽ മതിയാകില്ല. ജമാഅത്ത് ആശയത്തിനെതിരായ നമ്മുടെ വിമർശത്തിന് അതിൻ്റെ ഉത്ഭവത്തോളം പഴക്കമുണ്ട്.
ഏതെങ്കിലും പുതിയ പശ്ചാത്തലത്തിൽ ഈ ചർച്ചകൾ വീണ്ടും ഉയർന്നു വരുന്നത് ആശയ സംവാദങ്ങളെ ബലപ്പെടുത്തുന്നു എന്നേയുള്ളൂ. ജമാഅത്തുമായി കക്ഷി - മുന്നണി ഭേദമില്ലാതെ കൂടിച്ചേരലുകളും സഹകരണങ്ങളും മുമ്പും കേരളത്തിൽ സംഭവിച്ചപ്പോഴെല്ലാം മുസ്‌ലിംകളുടെ ആശയപരമായ വിമർശം ഉയർന്നിട്ടുണ്ട്. ജമാഅത്തിനോടുള്ള ആശയപരമായ സമീപനത്തിൽ തിരഞ്ഞെടുപ്പുകളോട് ചേർന്നു നിന്ന് മാറ്റം വരുത്താത്തത് സുന്നി പ്രസ്ഥാനങ്ങൾ മാത്രമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. മറ്റു മതേതര, സാമുദായിക രാഷ്ട്രീയ പാർട്ടികൾക്ക് ജമാഅത്ത് വിമർശത്തിൽ സ്ഥിരസ്വഭാവമുണ്ടായിട്ടില്ല എന്നു കാണാം.
തിരഞ്ഞെടപ്പുകളിൽ ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന രീതി സുന്നികൾക്കില്ല. മതേതര ജനാധിപത്യ മൂല്യങ്ങളും വികസന നയങ്ങളും വിലയിരുത്തി തിരഞ്ഞെടുപ്പിൽ നിലപാടെടുത്ത് പ്രവർത്തകരെ അറിയിക്കും. പ്രവർത്തകരും ഇതേ രീതി പിന്തുടരേണ്ടവരാണ്. അതുകൊണ്ടു തന്നെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകം മുന്നണികളോട് ചേർന്നോ വിമർശിച്ചോ സംവാദങ്ങളിലും തർക്കങ്ങളിലും ഇടപെടുന്ന പ്രാക്ടീസ് സുന്നീ പ്രവർത്തകർക്കില്ല.
എന്നാൽ, സമൂഹത്തിൻ്റെ നാനോന്മുഖ വികസനങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും വിമർശങ്ങളും സൃഷ്ടിപരമായി ഉയർത്തേണ്ടത് രാഷ്ട്രീയ ഉണർവും ജനാധിപത്യ സമൂഹത്തിൻ്റെ ജാഗ്രതയുമാണ്. അത് തുടരേണ്ടതുണ്ട്. അത്തരം അഭിപ്രായങ്ങൾ കക്ഷി രാഷ്ട്രീയ ബാന്ധവങ്ങളോ നിഷേധങ്ങളോ ആയി വ്യാഖ്യാനിക്കുന്നത് ജനാധിപത്യ സംവാദങ്ങളുടെ സർഗാത്മക സാധ്യത മനസിലാക്കാത്തവരാണ്.