കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച: കോളജ് പ്രിൻസിപ്പലിന് സസ്പെൻഷൻ

ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് അയയ്ക്കുകയായിരുന്നു.

Update: 2025-04-20 13:18 GMT

കാസർകോട്: കണ്ണൂര്‍ സര്‍വകലാശാലാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ കാസർകോട്ടെ കോളജ് പ്രിൻസിപ്പലിനെതിരെ നടപടി. പാലക്കുന്നിലെ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു.

കണ്ണൂർ സർവകലാശാല നടത്തിയ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലാണ് നടപടി. സംഭവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പരാതിയിൽ അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി.

പരീക്ഷയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാതെ ചോദ്യപേപ്പർ പരസ്യപ്പെടുത്തി പ്രിൻസിപ്പൽ‍ വിശ്വാസവഞ്ചന കാട്ടിയെന്നാണ് എഫ്ഐആറിലുള്ളത്. കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മാനേജ്മെന്റിന്റെ നടപടി.

Advertising
Advertising

അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഈ മാസം രണ്ടിന് സെൽഫ് ഫിനാൻസിങ് സ്ഥാപനമായ ഗ്രീൻവുഡ്സ് കോളജിലെ പരീക്ഷാ ഹാളിൽ സർവകലാശാലാ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്.

കഴിഞ്ഞമാസം 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. പരീക്ഷയുടെ രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ- മെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് വിദ്യാർഥികൾ ഉൾപ്പെടുന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിലേക്ക് അയച്ചുവെന്നാണ് കണ്ടെത്തൽ.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News