Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പതിനാറുകാരി ചികിത്സ ലഭിക്കാതെ മരിച്ചതായി ആരോപണം. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കാണിച്ച് കുടുംബം ആരോഗ്യമന്ത്രിക്ക് കത്ത് നൽകി. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ വാർഡിൽ തന്നെ നിർത്തിയതായി കുടുംബം ആരോപിച്ചു. വെന്‍റിലേറ്റർ ഇല്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ നിർബന്ധിച്ചതായും കുടുംബം പറഞ്ഞു.
പനിയെ തുടർന്ന് കഴിഞ്ഞ 10നാണ് കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അസുഖം കൂടിയതോടെ 13ന് രാത്രി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് മുക്കം കെഎംസിടിയിൽ പ്രവേശിപ്പിച്ച കുട്ടി മരിക്കുകയായിരുന്നു. ആരോഗ്യ മേഖലയെ കുറിച്ച് അവകാശവാദം ഉന്നയിക്കുന്നവർ ഉത്തരം പറയണമെന്ന് ടി.വി ഇബ്രാഹിം എംഎൽഎ പറഞ്ഞു.
വാർത്ത കാണാം: