തിരുവനന്തപുരത്ത് കോൺഗ്രസിന് തിരിച്ചടി; മുട്ടടയിലെ സ്ഥാനാർഥിക്ക് മത്സരിക്കാനാകില്ല
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ അപ്പീൽ പോകാനാണ് യുഡിഎഫ് തീരുമാനം.
Photo| Special Arrangement
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. മുട്ടടയിലെ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി. ഇതോടെ വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ അപ്പീൽ പോകാനാണ് യുഡിഎഫ് തീരുമാനം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സപ്ലിമെന്ററി ലിസ്റ്റിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് മത്സരിക്കാനുള്ള യോഗ്യത നഷ്ടമായത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൈഷ്ണ തെറ്റായ മേൽവിലാസം നൽകിയെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതി നൽകിയിരുന്നു. ഇത് കമ്മീഷൻ അംഗീകരിച്ചതോടെയാണ് കോൺഗ്രസ് പ്രതിസന്ധിയിലായത്.
മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. എന്നാൽ വൈഷ്ണ മുട്ടട വാർഡിലെ സ്ഥിരതാമസക്കാരിയല്ലെന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ അപേക്ഷയിൽ മേൽവിലാസം തെറ്റായി രേഖപ്പെടുത്തിയെന്നുമായിരുന്നു സിപിഎം പരാതി. ഇതാണ് കമ്മീഷൻ അംഗീകരിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ഇതേ അഡ്രസിലാണ് താൻ വോട്ട് ചെയ്തിരുന്നതെന്നും അന്നൊന്നും പ്രശ്നമുണ്ടായിരുന്നില്ലെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. ഇപ്പോൾ സ്ഥാനാർഥിയായപ്പോഴാണ് പരാതിയുമായി സിപിഎം വന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യേക സത്യവാങ്മൂലമടക്കം നൽകിയിരുന്നതായും ഇത് സ്വീകരിക്കാൻ തയാറാവാതെ വന്നതോടെ സ്പീഡ് പോസ്റ്റ് വഴി വീണ്ടും അയച്ചെന്നും വൈഷ്ണ പറയുന്നു.
മുട്ടടയിൽ താൻ ജയിക്കുമെന്ന ട്രെൻഡ് രൂപപ്പെട്ടിരുന്നുവെന്നും അതിന്റെ ടെൻഷൻ ആണ് സിപിഎമ്മിനെന്നും വൈഷ്ണ പറഞ്ഞു. വോട്ട് വെട്ടിയെന്ന് അറിഞ്ഞ സ്ഥിതിക്ക് നിയമപരമായ വഴികൾ പാർട്ടി നോക്കും. ഇത കേവലം സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ മാത്രം പരാതിയായി താൻ കാണുന്നില്ലെന്നും കോർപറേഷനിലടക്കം സമ്മർദമുണ്ടായിട്ടുണ്ടെങ്കിൽ മറ്റ് പലരും പിന്നിലുണ്ടാകുമെന്നും വൈഷ്ണ കൂട്ടിച്ചേർത്തു.
പരാതിക്കാരനായ ധനേഷ് കുമാർ അയാളുടെ അഡ്രസിൽ 20 പേരെ ചേർത്തു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ വൈഷ്ണ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളെന്ന നിലയ്ക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാർഡിൽ വൈഷ്ണ പ്രചാരണവും വോട്ട് തേടലും തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കനത്ത തിരിച്ചടി.