Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ അതൃപ്തി അവഗണിച്ച് സഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ സഭയില്‍ എത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്ത് ആക്കിയതാണ്. ഇതെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. വി.ഡി സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മറ്റൊരു പ്രതികരണവും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. പോണോ വേണ്ടയോ എന്ന് രാഹുലിനെ തീരുമാനിക്കാം എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അനുഗമിച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. ചില നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു രാഹുല്‍ സഭയിലെത്തിയത്.
അതേസമയം, പ്രതിപക്ഷ നിരയില്‍ നിന്ന് കുറിപ്പ് കിട്ടിയതിന് പിന്നാലെ രാഹുല്‍ സഭയില്‍ നിന്നിറങ്ങി. രാഹുലിനെ അഭിവാദ്യം ചെയ്യാനോ സംസാരിക്കാനോ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ തയ്യാറായില്ല.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ സഭയിലെത്തിയത്. നേതൃത്വത്തെ മറികടന്ന് സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലായിരിക്കും. എല്ലാ ദിവസവും സഭയില്‍ എത്താനാണ് രാഹുലിന്റെ തീരുമാനം. ചില വിഷയങ്ങള്‍ ഉയര്‍ത്തി സംസാരിക്കാന്‍ രാഹുല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.