ആകെ സീറ്റിൻ്റെ പകുതിയിലേറെ ജയിച്ചിട്ടും എരുമേലി പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കില്ല
കോൺഗ്രസിൻ്റെ രണ്ടു സ്ഥാനാർഥികളും പരാജയപ്പെട്ടു
കോട്ടയം: ആകെ സീറ്റിൻ്റെ പകുതിയിലേറെ ജയിച്ചിട്ടും കോട്ടയം എരുമേലി പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കില്ല. പ്രസിഡൻ്റ് സ്ഥാനം പട്ടിക വർഗ സംവരണമായ പഞ്ചായത്തിൽ ഈ വിഭാഗത്തിൽ ആരെയും ജയിപ്പിക്കാൻ പകോൺഗ്രസിനായില്ല . കോൺഗ്രസിൻ്റെ രണ്ടു സ്ഥാനാർഥികളും പരാജയപ്പെട്ടു. അതേ സമയം സിപിഎമ്മിൻ്റെയും ബിജെപിയുടെയും ഓരോ പട്ടിക വർഗ അംഗങ്ങൾ ജയിച്ചു. ഇവരിൽ ഒരാളെ യുഡിഎഫിന് പിന്തുണക്കേണ്ടിവരും. തീരുമാനം ജില്ലാ നേതൃത്വത്തിന് വിട്ടതായി യുഡിഎഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.
ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ഭരണം ആർക്കെന്ന് സ്വതന്ത്രർ തീരുമാനിക്കും. കേവല ഭൂരിപക്ഷം കടക്കാൻ യുഡിഎഫിന് സ്വതന്ത്രരുടെ പിന്തുണ അനിവാര്യമാണ്. സ്വതന്ത്രരിൽ രണ്ടു പേരുടെ പിന്തുണ ഉറപ്പാക്കിയെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു.
കഴിഞ്ഞ തവണ അവിശ്വാസത്തിലൂടെ എൽഡിഎഫ് ഭരണം പിടിച്ച ചങ്ങനാശ്ശേരിയിൽ വൻ തിരിച്ചുവരവാണ് ഇക്കുറി യുഡിഎഫ് നടത്തിയത്. 37 അംഗ നഗരസഭയിൽ 13 സീറ്റ് യുഡിഎഫ് പിടിച്ചു. എൽഡിഎഫ് 9 സീറ്റുകളിൽ ഒതുങ്ങി . കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രം ലഭിച്ച ബിജെപി 8 സീറ്റ് നേടി മുന്നേറ്റം നടത്തി. യുഡിഎഫ് ഏറ്റവും വലിയ ഒറ്റക്ഷിയായിട്ടും കേവല ഭൂരിപക്ഷ അക്കമായ 19 ൽ എത്താൻ യുഡിഎഫിന് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കണം. വിജയിച്ച ഏഴ് സ്വതന്ത്രരിൽ പരമാവധി പേരെ ഒപ്പം നിർത്താനാണ് യുഡിഎഫ് ശ്രമം. ഇതിൽ രണ്ടു പേർ ഇതിനോടകം പിന്തുണ അറിയിച്ചെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ചെയർമാൻ സ്ഥാനം പലരും ഉന്നമിടുന്നതും യുഡിഎഫിന് തലവേദനയാണ്. തർക്കങ്ങൾ ഇല്ലാതെ പ്രശ്ന പരിഹരിക്കാനും യുഡിഎഫ് ശ്രമം തുടങ്ങി.