Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്.
പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതായി ഉത്തരവില്‍ പരാമര്‍ശമുണ്ട്.
10 സിപിഎം പ്രവര്‍ത്തകര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യംചെയ്യല്‍ നടപടികളും പൂര്‍ത്തിയായ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്.
തങ്ങളെ കസ്റ്റഡിയില്‍ വെച്ച് ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത് ഗൗരവമേറിയ കുറ്റമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
പ്രോസിക്യൂഷന്റെ പ്രത്യേക ആവശ്യപ്രകാരം അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിച്ച് വിലയിരുത്തിയിരുന്നു. സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.