കോവിഡ്; രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുന്നതില്‍ ആശങ്ക

ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു

Update: 2021-05-21 10:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് പ്രതിദിന കോവിഡ് മരണസംഖ്യ ഉയരുന്നതിൽ ആശങ്ക. രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും നാലായിരത്തിന് മുകളിൽ തന്നെയാണ് പ്രതിദിന മരണസംഖ്യ. വാക്സിൻ ഉത്പാദനം വർധിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് .

കോവിഡ് രൂക്ഷമായിരുന്ന മഹാരാഷ്ട്ര, ഡൽഹി , യു പി എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തലെങ്കിലും , ഉയരുന്ന മരണസംഖ്യ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4,209 പേർ കോവിഡ് ബാധിച്ച് മരിച്ചു . 2,59,591 പേർക്കാണ് ഒരു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് . 11 സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് രോഗികളുടെ എണ്ണം .നിയന്ത്രണം കടുപ്പിച്ച് സമ്പർക്ക വ്യാപനം കുറക്കാനാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്ക് നൽകിയിരിക്കുന്ന നിർദേശം .

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. ഡിസംബറോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാകുമെന്ന് കേന്ദ്രം കരുതുന്നു. ആഗസ്ത് മുതൽ ഡിസംബർ വരെയുളള സമയത്തിനുളളിൽ 150 കോടിയോളം വാക്സിൻ ഡോസ് ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത്രയും ഡോസുകൾ ലഭ്യമാക്കാൻ ഭാരത് ബയോടെക്, സിറം ഇൻസ്റ്റിട്യൂട്ട്, സ്പുട്നിക്കിന്‍റെ വിതരണക്കാരായ ഡോ. റെഡ്ഡീസ് എന്നിവർക്ക് സാധിക്കുമോയെന്നതിൽ സംശയമുണ്ട്. മറ്റ് കമ്പനികളുമായി സഹകരിച്ച് കോവാക്സിന്‍റെ 20 കോടി കോടി അധിക ഡോസ് ഉത്പാദിപ്പിക്കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു .

വാക്സിൻ ക്ഷാമം രൂക്ഷമാണെന്നും 150 കേന്ദ്രങ്ങൾ നാളെ മുതൽ അടച്ചിടേണ്ടി വരുമെന്നും ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്‍റെ യു.എസ് സന്ദർശനത്തിലും വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ ചർച്ചയാകും.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News