'കോൺഗ്രസ് നേതാക്കളുടെ പരാമർശങ്ങൾ സ്ത്രീകളുടെ അന്തസിനെ വെല്ലുവിളിക്കുന്നത്, ആത്മാർഥതയുണ്ടെങ്കിൽ രാഹുൽ രാജിവെക്കണം': ബിനോയ് വിശ്വം

ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്

Update: 2025-11-28 09:43 GMT

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജി വെക്കണമെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. രാജി വെക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിന് ഉണ്ടോയെന്നറിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ സ്ത്രീകളുടെ അന്തസ്സിനെ വെല്ലുവിളിക്കുന്നതാണ്. ജനങ്ങളോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ രാഹുല്‍ രാജി വെക്കണമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

'ഒരേ വിഷയത്തില്‍ കോണ്‍ഗ്രസിന് നാല് അഭിപ്രായമുണ്ട്. ചതുര്‍മുഖം ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മുഖങ്ങള്‍ നാലായാല്‍ പോരാ, അഞ്ചോ ആറോ ആകണമെന്ന് വാശിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.'ബിനോയ് വിമര്‍ശിച്ചു.

Advertising
Advertising

'ഈ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ സ്ത്രീകളുടെ അന്തസിനെ വെല്ലുവിളിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്'. ഇത്തരം ആക്ഷേപങ്ങളൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ സ്ത്രീ വോട്ടര്‍മാര്‍ ഇവര്‍ക്ക് മറുപടി നല്‍കുമെന്നും ബിനോയ് പറഞ്ഞു.

'ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നത് ഒരു പെണ്ണിന്റെ അവകാശമാണ്. ഗര്‍ഭം അടിച്ചേല്‍പ്പിക്കുകയും പിന്നീട് വേണ്ടെന്ന് പറയുകയും ചെയ്തുകൊണ്ട് ആണിന്റെ കയ്യിലെ കളിപ്പാട്ടമായി പെണ്ണിനെ കാണുകയാണ് ഇതാണ് ഇവിടെ പ്രശ്‌നം. മുഹൂര്‍ത്തം തെറ്റായിപ്പോയി എന്നതുകൊണ്ട് തെറ്റ് തെറ്റല്ല എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്'. ഇതാണോ മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. രാഹുല്‍ യുവതിയെ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News