പിഎം ശ്രീ പദ്ധതി: നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ; എതിർപ്പ് ശക്തമായി തുടരും
പാർട്ടിയെന്ന നിലയിൽ സിപിഐയ്ക്ക് വലിയ ആശങ്കകൾ ഉണ്ടെന്നും അത് പരിഗണിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
Photo| Special Arrangement
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് ശക്തമായി തുടരാൻ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റെ തീരുമാനം. സർക്കാർ തീരുമാനത്തിലെ ആശങ്ക മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ അറിയിച്ചിരുന്നു. പിഎം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ നടപ്പാക്കാനാണ് നീക്കമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയുടെ നാലു മന്ത്രിമാരെയും രാവിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബിനോയ് വിശ്വം പാർട്ടി നിലപാട് വിശദീകരിച്ചിരുന്നു. മന്ത്രിസഭായോഗത്തിന്റെ അജണ്ടയിൽ വിഷയം ഇല്ലെങ്കിലും അവിടെ സിപിഐയുടെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇതനുസരിച്ച് മന്ത്രി കെ. രാജനും പി. പ്രസാദും വിഷയം ഉന്നയിക്കുകയായിരുന്നു. അജണ്ടകൾ കഴിഞ്ഞ ശേഷമായിരുന്നു മന്ത്രിമാർ വിഷയം ഉന്നയിച്ചത്.
രണ്ട് തവണ മന്ത്രിസഭായോഗം പരിഗണിക്കാതെ മാറ്റിവച്ച വിഷയമാണിതെന്നും എന്നാൽ പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഭാഗമാകുന്നു എന്ന തരത്തിൽ മാധ്യമ വാർത്തകൾ വരുന്നുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തതയില്ലെന്നും മന്ത്രിമാർ പറഞ്ഞു. പാർട്ടിയെന്ന നിലയിൽ സിപിഐയ്ക്ക് വലിയ ആശങ്കകൾ ഉണ്ടെന്നും അത് പരിഗണിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ സിപിഎം മന്ത്രിമാരും മുഖ്യമന്ത്രിയോ മറുപടിക്ക് തയാറായില്ലെന്നാണ് സൂചന.
തുടർന്നു നടന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗത്തിലും ഉച്ചയ്ക്ക് ശേഷം നടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നു. നിലപാടിൽനിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചാൽ ശക്തമായി എതിർക്കണമെന്നും യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പഴയ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവർത്തിച്ചു. നാളെ സംസ്ഥാന കൗൺസിൽ യോഗത്തിലും സമാന നിലപാടാവും ഉയർന്നുവരിക.