ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാർ നാളെ

സമസ്ത ഉള്‍പ്പെടെ മുസ്‍ലിം സംഘടനാ പ്രതിനിധികളും താമരശ്ശേരി ബിഷപ്പും ദലിത് നേതാക്കളും സെമിനാറിന്‍റെ ഭാഗമാകും.

Update: 2023-07-14 07:59 GMT

കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാർ നാളെ കോഴിക്കോട് നടക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ മുസ്‍ലിം സംഘടനാ പ്രതിനിധികളും താമരശ്ശേരി ബിഷപ്പും ദലിത് നേതാക്കളും സെമിനാറിന്‍റെ ഭാഗമാകും.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സി.പി.എം സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാർ നാളെ വൈകിട്ട് 4 മണിക്ക് കോഴിക്കോട് സ്വപ്ന നഗരിയിലാണ് നടക്കുക. ഏക സിവില്‍ കോഡിനെതിരെ സി.പി.എം പ്രഖ്യാപിച്ച പ്രക്ഷോഭത്തിലെ ആദ്യ പരിപാടിയാണ് സെമിനാർ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റർ, എളമരം കരീം, ഇ.കെ വിജയന്‍, ജോസ് കെ മാണി തുടങ്ങി എല്‍.ഡി.എഫ് നേതാക്കള്‍ സംസാരിക്കും.

Advertising
Advertising

താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍, ഹജജ് കമ്മറ്റി ചെയർമാന്‍ സി മുഹമ്മദ് ഫൈസി, മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സമസ്ത മുശാവറ അംഗങ്ങളായ ഉമർഫൈസി, പി.എം അബ്ദുസലാം ബാഖവി തുടങ്ങിയ മതനേതാക്കളും സെമിനാറിന്റെ ഭാഗമാകും. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാർ വലിയ ജനകീയ മുന്നേറ്റമായി മാറുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ മാറ്റിനിർത്തി മുസ്‍ലിം ലീഗിനെ ക്ഷണിച്ചതോടെയാണ് സി.പി.എം സെമിനാർ സംബന്ധിച്ച വിവാദങ്ങള്‍ തുടങ്ങിയത്. സി.പി.ഐയുടെ അതൃപ്തിയും പങ്കെടുക്കുമ്പോഴും വിയോജിപ്പ് പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമസ്തയുടെ നിലപാടും സെമിനാറിനെക്കുറിച്ചുള്ള ചർച്ച സജീവമാക്കി. സെമിനാറില്‍ എസ്‍.എന്‍.ഡി.പി പ്രതിനിധിയായി ബി.ഡി.ജെ.എസ് നേതാവ് പങ്കെടുക്കുന്നതുള്‍പ്പെടെ സെമിനാറിനെ ശ്രദ്ധാകേന്ദ്രമാക്കിയിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News