സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം;15 സീറ്റുകളിൽ ധാരണ

പിബിയുടെ അനുമതിയോടെ ഈ മാസം 27 ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും

Update: 2024-02-20 01:15 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഉച്ചക്കുള്ള സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർഥി നിർദേശങ്ങള്‍ ചർച്ച ചെയ്യും. സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പാർലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ അനുമതി നല്‍കും.  ഇതിന് പിന്നാലെ പിബിയുടെ അനുമതിയോടെ ഈ മാസം 27 ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.

സി.പി.എം മത്സരിക്കുന്ന 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ നിന്നുള്ള ചർച്ചക്ക് പിന്നാലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരു പേരിലേക്ക് എത്തിയിട്ടുണ്ട്. അതിലും ചില മാറ്റങ്ങള്‍ നാളത്തോടെ ഉണ്ടായേക്കും. നാളെ രാവിലെ സംസ്ഥാനസെക്രട്ടറിയേറ്റും, വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്.

Advertising
Advertising

ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇറങ്ങിയേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും.തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ് ആറ്റിങ്ങൽ കോട്ട തിരിച്ചുപിടിക്കാൻ ഇറങ്ങും.

കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ കാസർഗോഡ് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ ശിപാർശ. പക്ഷേ ടി.വി രാജേഷിന്‍റെ പേര് സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം.  കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിലും മത്സരത്തിന് ഇറങ്ങും.

പൊന്നാനിയിൽ കെ.ടി ജലിൽ മത്സരിക്കണമെന്നാണ് സി.പി.എമ്മിന്റെ താൽപര്യം. വി വസീഫ് ,വിപി സാനും എന്നീ പേരുകളും സംസ്ഥാനനേതൃത്വത്തിന് മുന്നിലുണ്ട്. മലപ്പുറത്ത് വി.പി സാനു,അബ്ദുള്ള നവാസ് എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചിട്ടുള്ളത്. സാജു പോള്‍, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പുഷ്പാ ദാസ് എന്നീ പേരുകളും പരിഗണിക്കുന്നുണ്ട്.

കൊല്ലം മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനെ നേരിടാൻ എം.മുകേഷിനെയാണ് ജില്ലയിലെ പാർട്ടി നിർദേശിക്കുന്നത്. എന്നാല്‍ ഐഷാ പോറ്റിയുടെ പേര് സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും പൊതുസ്വതന്ത്രനായി വന്നേക്കും. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർഥി.

എറണാകുളത്ത് പൊതു സ്വതന്ത്രനെയാണ് പാർട്ടി ചിന്തിക്കുന്നത്. യേശുദാസ് പറപ്പള്ളി,കെ.വി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നിവരും പേരും ഉണ്ട്. സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. മൂന്ന് വനിതകള്‍ എങ്കിലും സ്ഥാനാർഥി പട്ടികയിലുണ്ടെന്നാണ് വിവരം. പാർലമെൻറ് മണ്ഡലം കമ്മിറ്റികളുടെയും, സംസ്ഥാന കമ്മിറ്റിയുടെയും, കേന്ദ്ര കമ്മിറ്റിയുടെയും അംഗീകാരത്തിന് പിന്നാലെ ഈ 27ന് സ്ഥാനാർഥികളെ സി.പി.എം പ്രഖ്യാപിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News