ലോക്സഭാ സീറ്റുകൾ വെച്ചു മാറുന്നതിനോട് സി.​പി.ഐയോട് വിയോജിച്ച് സിപിഎം

തിരുവനന്തപുരം, കൊല്ലം സീറ്റുകൾ ​വെച്ചുമാറാൻ സി.പി.ഐ ചർച്ചക്ക് തുടക്കമിട്ടത്

Update: 2024-01-12 01:13 GMT

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ലോക്സഭാ സീറ്റുകൾ വെച്ചു മാറുന്നതിനോട് വിയോജിച്ച് സിപിഎം. തിരുവനന്തപുരം സീറ്റ് സിപിഎമ്മിനും,കൊല്ലം സീറ്റ് സിപിഐക്കും നൽകണമെന്ന് ചർച്ചകൾ ഉണ്ടായെങ്കിലും അതിനോട് സി.പി.എം യോജിച്ചില്ല. മണ്ഡല പുനർനിർണയത്തിനുശേഷം ഇക്കാര്യം ചർച്ച ചെയ്യാമെന്നാന്ന് സിപിഎം നേതൃത്വം എടുത്ത നിലപാട്.

തലസ്ഥാനത്തെ ലോക്സഭ സീറ്റിൽ കാലങ്ങളായിട്ട് സിപിഐ ആണ് മത്സരിക്കുന്നത്. പന്ന്യൻ രവിന്ദ്രന് ശേഷം സിപിഐക്ക് ഇവിടെ വിജയം നേടാൻ കഴിഞ്ഞിട്ടില്ല .പൊതുസ്വതന്ത്രരെ ഇറക്കിയും പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളെ മത്സരിപ്പിച്ചും പരീക്ഷണം നടത്തിയെങ്കിലും സിപിഐ വിജയം കണ്ടില്ല. 

Advertising
Advertising

ഇതുപോലെയാണ് സിപിഎമ്മിന്റെ കൊല്ലത്തെ അവസ്ഥയും .എൽ.ഡി.എഫിൽ ആർഎസ് പി ഉണ്ടായിരുന്ന സമയത്ത് എൻ കെ പ്രേമചന്ദ്രൻ തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു അത്. കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ഇടഞ്ഞ ആർഎസ്പി യുഡിഎഫിന്റെ ഭാഗമായെങ്കിലും എൻ കെ പ്രേമചന്ദ്രൻ തന്നെയാണ് മത്സരിച്ചത്. പാർട്ടിയിലെ പ്രധാന നേതാക്കളായ എം എ ബേബിയെയും ,ബാലഗോപാലിനെയും  കൊല്ലത്ത് പരീക്ഷിച്ചെങ്കിലും സിപിഎമ്മിന് അടിപതറിയിരുന്നു.

ഇതിനിടയിലാണ് സീറ്റുകൾ വെച്ച് മാറാനുള്ള താൽപര്യം സിപിഐ നേതൃത്വം സിപിഎമ്മിനെ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാൽ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വം ഇതിനെ അവഗണിച്ചു എന്നാണ് വിവരം.

2026 ലെ മണ്ഡലം പുനർനിർണയത്തിന് ശേഷം ഇക്കാര്യങ്ങൾ ആലോചിക്കാമെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മണ്ഡല മാറ്റം ഉണ്ടായാൽ അണികൾ അത് ഉൾക്കൊള്ളില്ല എന്ന വികാരവും ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതൃത്വം ഇതിനെ എതിർത്തത്.

കാനം രാജേന്ദ്രൻ ചികിത്സയ്ക്കായി പോകുന്നതിനു തൊട്ടു മുമ്പായിട്ടായിരുന്നു ഇത്തരത്തിലുള്ള ചർച്ചകൾ. സീറ്റ് ​വെച്ച് മാറുന്നതിനോട് സിപിഎം വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ തലസ്ഥാന മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് സിപിഐ കടന്നിട്ടുണ്ട്. നാടാർ സമുദായത്തിൽ പെടുന്ന പാർട്ടി അംഗമായ ഒരാളെ മത്സരിപ്പിക്കാനുള്ള ചർച്ചകൾ ഉണ്ടെന്നാണ് സൂചന

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News