പിഎം ശ്രീയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം; സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്
ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ഫോണിൽ ആശയവിനിമയം നടത്തി എന്നാണ് സൂചന
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ചർച്ചചെയ്യാൻ സിപിഎമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് ഇന്ന്.രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് എകെജി സെന്ററിലാണ് യോഗം.പദ്ധതിയെ ചൊല്ലി മുന്നണിയിൽ ഭിന്നത ശക്തമായ സാഹചര്യത്തിൽ ആലപ്പുഴയിൽ സിപിഐ എക്സിക്യൂട്ടീവ് യോഗം നടക്കാനിരിക്കെയാണ് സെക്രട്ടേറിയേറ്റ് യോഗം.
രണ്ട് ദിവസത്തെ ഗൾഫ് പര്യടനത്തിന് ശേഷം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തിയിരുന്നു. തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ഫോണിൽ ആശയ വിനിമയം നടത്തി എന്നാണ് സൂചന.
സിപിഐയുടെ എക്സിക്യൂട്ടീവ് യോഗത്തിനു മുമ്പ് പ്രശ്നപരിഹാരത്തിനാണ് ശ്രമം. ജനറൽ സെക്രട്ടറി എം .എ ബേബിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സിപിഐ കേന്ദ്ര നേതൃത്വം ഉന്നയിച്ച ആശങ്ക ബേബി യോഗത്തിൽ വിശദീകരിക്കും. അതിനിടെ പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറാൻ സിപിഎം സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകിയേക്കും എന്നും സൂചനയുണ്ട്.
അതിനിടെ,പദ്ധതിയെക്കുറിച്ചുള്ള സിപിഐയുടെ വിയോജിപ്പ് ജനങ്ങളോട് തുറന്ന് പറയണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. ഇടത് പാർട്ടികൾക്കിടയിലെ ഐക്യത്തിൻ്റെ ഭാഗമായി അഭ്യന്തര വിമർശനം മാത്രം പോരെന്ന് ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ ചൂണ്ടികാട്ടുന്നു.വിഷയത്തിലെ സിപിഎം ദേശീയ നേതൃത്വത്തിന്റെ നിസ്സഹായതയിലും സിപിഐ കേന്ദ്ര നേതൃത്വം അതൃപ്തിയിലാണ്. അതേസമയം, കരാറിൽ ഒപ്പിട്ടെങ്കിലും പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ് ഇന്നലെ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്. ധാരണ പത്രം ഒപ്പിട്ടത് സാങ്കേതിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.