'ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനം'; എല്ലാ കളികളും കളിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമെന്ന് മുഖ്യമന്ത്രി

ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി കോഴിക്കോട് സംഘടിപ്പിച്ചതിൽ പ്രത്യേകതയുണ്ടെന്നും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് കോഴിക്കോടിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2023-11-11 12:15 GMT

കോഴിക്കോട്: ഫലസ്തീനിൽ ഇസ്രയേൽ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വമാണെന്നും മുഖ്യമന്ത്രി സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി. അനധികൃതമായി കൈയ്യേറിയ ഭൂമിയിൽ നിന്ന് ഇസ്രായേൽ പിന്മാറണം. ഫലസ്തീനികൾക്കെതിരെയുള്ള ഉപരോധം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണം. ഫലസ്തീനെ മാത്രമേ നാം അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രായേലിനെ നാം അംഗീകരിച്ചിട്ടേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി കോഴിക്കോട് സംഘടിപ്പിച്ചതിൽ പ്രത്യേകതയുണ്ടെന്നും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച പാരമ്പര്യമാണ് കോഴിക്കോടിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫലസ്തീൻ ജനതയ്ക്ക് നേരയുള്ള നിഷ്ഠൂരമായ നരനായാട്ട് നിർത്തി വെയ്ക്കണമെന്ന് ലോകമെങ്ങുനിന്നും ആവശ്യമുയർന്നു. എന്നാൽ ആക്രമികൾക്കൊപ്പമാണ് എന്ന നിലപാടാണ് ഇന്ത്യ ഉയർത്തിയത്. ഐക്യരാഷ്ടട്ര സഭയിലെ പ്രമേയത്തെ പിന്തുണക്കാൻ ഇന്ത്യ തയാറായില്ല. ഇന്ത്യ ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുന്ന നിലയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബി.ജെ.പി നിലപാട് രാഷ്ട്രനിലപാടായി മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Advertising
Advertising

ഫലസ്തീൻ വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി വിമർശിച്ചു. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞതുകൊണ്ടാണ് ചിലരെ ക്ഷണിച്ചത്. പരാതി ആയി പറയുന്നതല്ല. എന്താണ് സംഭവിക്കുകയെന്ന് അറിയാമായിരുന്നെന്നും ലീഗിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പരാമർശിച്ചു.     

"ഇടതുപക്ഷം എന്നും ഫലസ്തീനൊപ്പമാണ്. സ്വന്തംമണ്ണിനായി പൊരുതുന്നവരാണ് ഫലസ്തീനികൾ. അവരെ ഭീകരരായാണ് ഇസ്രയേലും സാമ്രാജ്യത്വവും വിശേഷിപ്പിക്കുന്നത്. ഇവിടെയും ചിലർ അത് ഏറ്റുപാടുന്നത് ലജ്ജാകരമാണ്. ഫലസ്തീനികൾ ചെറുത്തു നിൽക്കാനാണ് ശ്രമിക്കുന്നത്. ആക്രമിക്കുന്നത് ഇസ്രായേലാണ്. രാജ്യത്തെ ബി.ജെ.പി സർക്കാർ മനുഷ്യത്വമില്ലാത്തവർക്കൊപ്പമാണ്. മണിപ്പൂർ ജനതക്കൊപ്പമുണ്ടെന്ന് പറയാൻ കഴിയാതിരുന്നവരാണ് ഇസ്രയേലിനൊപ്പമെന്ന് ആലോചിക്കാൻ പോലും സമയമെടുക്കാതെ പറഞ്ഞത്. ഇസ്രയേലുമായുള്ള എല്ലാ സൈനിക കരാറും റദ്ദാക്കാൻ കേന്ദ്ര സർക്കാർ തയാറാകണം"- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News