തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ അഭ്യൂഹങ്ങൾക്കിടെ എൽഡിഎഫിൽ ഉറപ്പിച്ചുനിർത്താൻ മറുതന്ത്രവുമായി സിപിഎം. ജനാധിപത്യ കേരള കോൺഗ്രസിന്റെ തിരുവനന്തപുരം സെൻട്രൽ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കാന്‍ സിപിഎമ്മില്‍ ആലോചന. ആന്‍റണി രാജു അയോഗ്യനായതോടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് അനുനയത്തിന്‍റെ സൂചന കൂടി നല്‍കി സീറ്റ് വിട്ടുകൊടുക്കാനുള്ള നീക്കം. തിരുവനന്തപുരം സീറ്റ് സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്‍റ് മീഡിയവണിനോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായതോടെ ക്രിസ്ത്യന്‍ ന്യനപക്ഷങ്ങള്‍ പാര്‍ട്ടിയോട് കുറേക്കൂടി അടുത്തെന്നാണ് സിപിഎം വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ട് കണക്കില്‍ അത് പ്രകടവുമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം മുന്നണിയില്‍ നല്‍കുന്ന അധിക പരിഗണനയ്ക്ക് അതൊരു കാരണവുമാണ്. അതിനിടയിലാണ് കേരള കോണ്‍ഗ്രസ് എം മുന്നണിമാറ്റമെന്ന അഭ്യൂഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പടര്‍ന്നത്.
മൂന്നാം ഭരണം സ്വപ്നം കാണുന്ന് സിപിഎമ്മിന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണിമാറ്റം തിരിച്ചടിയാവുമെന്ന് കൃത്യമായ രാഷ്ട്രീയ ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ എന്ത് വിട്ടുവീഴ്ച ചെയ്തും കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് സിപിഎം നീക്കം. ഇതിന്‍റെ ഭാഗമാണ് തിരുവനന്തപുരം സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് കൈമാറാനുള്ള ആലോചന.
ആന്‍റണി രാജു അയോഗ്യനായതോടെ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കി ഒരു മുഴം മുന്നേ എറിയുകയാണ് സിപിഎം. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അനൗദ്യോഗികമായി അറിയിച്ചുണ്ടെന്നാണ് സൂചന.
ഇതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കും കടന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സഹായദാസിന്‍റെയും ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എസ് മനോജിന്‍റെയും പേരുകളാണ് സജീവ ചര്‍ച്ചയിലുള്ളത്. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും എന്‍എസ്എസ് സഹയാത്രികനുമായ മനോജിന്‍റെ പേരിനാണ് മുന്‍തൂക്കം. തിരുവനന്തപുരം സെന്‍ട്രല്‍ അടക്കമുള്ള സീറ്റുകള്‍ നഷ്ടപ്പെടുത്തിയും കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്താനുള്ള സിപിഎമ്മിന്‍റെ രാഷ്ട്രീയതന്ത്രം ഫലം കാണുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
അതേസമയം, കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകൾ സജീവമായിരിക്കെ നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും. മുന്നണി മാറ്റ വാർത്തകൾ തള്ളി ഫേസ്ബുക്ക് കുറിപ്പിലൂടെ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കുറിപ്പിൽ പിന്നീട് തിരുത്തൽ വരുത്തിയത് വീണ്ടും രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കാൻ കാരണമായി.
വിദേശത്തായിരുന്ന ജോസ് കെ. മാണി നാട്ടിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നേരിട്ടുള്ള പ്രതികരണം ഇന്ന് ഉണ്ടായേക്കും. പാർലമെന്ററി പാർട്ടിയിൽ മുന്നണി മാറ്റം സംബന്ധിച്ച് നിലനിൽക്കുന്ന ഭിന്നതയും ആശയക്കുഴപ്പവും കേരളാ കോൺഗ്രസിന് ആശങ്കയാണ്. സഭയുടെ സമ്മർദം ശക്തമാണെങ്കിലും അകാരണമായി മുന്നണി വിട്ടാൽ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നാണ് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
Full View
Full View