സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

Update: 2024-12-11 16:00 GMT

കൊല്ലം: സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുൻ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സർക്കാരിന്റെ പ്രതിച്ഛായ തകരാൻ ഇത് കാരണമായി. അഞ്ചാലുംമൂട്ടിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനമുന്നയിച്ചത്.

കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂർച്ഛിച്ചതിൽ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികൾ വിമർശനമുന്നയിച്ചു. ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയില്ലാതെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുമോ? ഏരിയാ കമ്മിറ്റി ഓഫീസിലേക്കുള്ള മാർച്ചിന് നേതൃത്വം നൽകിയ നേതാക്കളെ സംരക്ഷിച്ചു. അവർക്കെതിരെ ഇപ്പോഴും നടപടി എടുക്കാത്തതിൽ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെമേൽ മാത്രം കുറ്റം ചാർത്തിയിട്ട് കാര്യമില്ല. വിഭാഗീയതയിൽ നടപടിയെടുക്കേണ്ട നേതൃത്വം ഒരു പക്ഷത്ത് മാത്രം നിൽക്കുകയാണ് ചെയ്തത്. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതെ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പ്രതിനിധികൾ ആരോപിച്ചു.

ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. കിളികൊല്ലൂർ പൊലീസ് മർദനക്കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ വിഷയങ്ങൾ ഉണ്ടാകുന്നു. പൊലീസിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News