'എം.വി ഗോവിന്ദന്‍റെ ധാർഷ്ട്യവും ശരീരഭാഷയും അവമതിപ്പുണ്ടാക്കി, തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്തം പിണറായിക്ക്; സിപിഎം ജില്ലാകമ്മിറ്റികളില്‍ രൂക്ഷ വിമര്‍ശനം

വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകൾ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്ന് എറണാകുളം ജില്ല കമ്മിറ്റിയിലും വിമർശനം

Update: 2026-05-17 06:10 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂര്‍:  നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വത്തിനെതിരെ വിമർശനം. തളിപ്പറമ്പിൽ പി കെ ശ്യാമളക്കെതിരായ അണികളുടെ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രതിസന്ധി മലബാറിലാകെ എതിർവികാരം ഉണ്ടാക്കി.

സംസ്ഥാന സെക്രട്ടി എം.വി ഗോവിന്ദൻ മാധ്യമങ്ങളെ കാണുമ്പോഴുള്ള ധാർഷ്ട്യവും ശരീരഭാഷയുംജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വസ്തുനിഷ്ഠമായ വിശകലനം നടത്താൻ നേതാക്കൾ തയ്യാറാകണമെന്നും ജില്ലാകമ്മിറ്റിയിൽ ആവശ്യം ഉയര്‍ന്നു.

Advertising
Advertising

അതേസമയം, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ  വർഗീയ പ്രസ്​താവനകൾ തള്ളിപ്പറയാതിരുന്നത്​ തെരഞ്ഞെടുപ്പിൽതിരിച്ചടിയായെന്ന്​ സിപിഎം എറണാകുളം ജില്ല കമ്മിറ്റിയിൽ വിമർശനം. ന്യൂനപക്ഷങ്ങൾ പാർട്ടിക്ക്​ എതിരാകാൻ ഇത്​ കാരണമായി. പുതിയ കേഡർമാരെ വളർത്തിക്കൊണ്ടുവരുന്നതിൽ ചില നേതാക്കൾ തടസ്സം നിൽക്കുന്നു. സ്ഥാനാർഥി നിർണയത്തിൽ അടക്കം പിഴവ്​ സംഭവിച്ചതായും വിമർശനമുയർന്നു.

 പി.രാജീവിനെതിരെയും യോഗത്തില്‍ രൂക്ഷ വിമർശനമുയര്‍ന്നു. പാർട്ടിയിൽ പിണറായിയുടെ ഏകാധിപത്യമാണെങ്കിൽ എറണാകുളത്ത് പി രാജീവിന്റെ ഏകാധിപത്യമാണ്. സ്ഥാനാർഥി പട്ടിക നിർബന്ധിപ്പിച്ചു അംഗീകരിപ്പിച്ചെന്നും ജില്ലയിലെ സമ്പൂർണ തോൽവിക്ക് കാരണം പി. രാജീവെന്നും വിമർശനമുയർന്നു.

സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനമുയര്‍ന്നും. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മാത്രം ഉയർത്തിക്കാട്ടിയത് തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനമുയർന്നു.

സിപിഐഎമ്മിലെയും എൽഡിഎഫിലെയും ജനകീയരായ നേതാക്കളെ പൂർണ്ണമായും അവഗണിച്ചതാണ് തിരിച്ചടിക്ക് കാരണം. തോൽവിയുടെ ആഘാതം കൂട്ടിയതിൽ പ്രധാന ഉത്തരവാദിത്തം  പിണറായി വിജയനാണെന്നും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ തുറന്നടിച്ചു. എം.വി ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനത്ത് മുഴുവൻ ചർച്ചയായി.  കെ.കെ ശൈലജ ടീച്ചറെ അവഗണിച്ചതിന് ജനം നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

മുതിർന്ന നേതാവ് എ.കെ ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇരുവർക്കും ഒരേ നിലപാടാണുള്ളതെന്നും, രണ്ടുപേരുടെയും പ്രസ്താവനകൾ വർഗീയത നിറഞ്ഞതാണെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുകളുണ്ടായി. സംസ്ഥാന നേതൃത്വത്തിന് പുറമെ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെയും യോഗത്തിൽ കടുത്ത അമർഷമാണ് ഉയർന്നത്. ജില്ലാ സെക്രട്ടറി ഏകാധിപതിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അംഗങ്ങൾ വിമർശിച്ചു.

സ്ഥാനാർഥി നിർണയ ഘട്ടത്തിൽ ജനവികാരം പരിഗണിക്കുന്നതിൽ പിഴവുണ്ടായെന്ന് സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റിയിൽ വിമര്‍ശനമുയര്‍ന്നു.  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരാം വണ്ണം വാർത്താസമ്മേളനം നടത്താൻ പോലും അറിയില്ല, സെക്രട്ടറിയുടെ വാർത്താ സമ്മേളനങ്ങൾ പാർട്ടിയെ പരിഹസിക്കാൻ എതിരാളികൾക്കടക്കം അവസരം നൽകുന്നു. സ്വന്തം പാർട്ടി തന്നെ എതിർത്തിട്ടും എലത്തൂരിൽ എ.കെ ശശീന്ദ്രൻ്റെ സ്ഥാനാർഥിത്വം അടിച്ചേൽപിക്കുകയായിരുന്നു. ടി.പി രാമകൃഷ്ണൻ പേരാമ്പ്രയിൽ മത്സരിച്ചതോടെ എല്‍ഡിഎഫ് കൺവീനർ എന്ന നിലക്കുള്ള പ്രവർത്തനം ഇല്ലാതായി. ബാലുശ്ശേരി, നാദാപുരം, എലത്തൂർ എന്നിവിടങ്ങളിലെ തോൽവി തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇവിടങ്ങളിൽ പ്രത്യേക പരിശോധന വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

ആഗോള അയ്യപ്പ സംഗമം അബദ്ധമായെന്ന്  സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിസന്ധികൾക്കെല്ലാം  അയ്യപ്പസംഗമം കാരണമായി. ഇടത് സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നെന്നും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. 

സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എന്ത് നടപടിയെടുത്തെന്നും ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് എന്തെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ചോദിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News