എസ്.എൻ.ഡി.പി നേതാവ് കെ.കെ.മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി, തുഷാർ മൂന്നാം പ്രതി

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ ഇവര്‍ ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ

Update: 2022-12-01 07:37 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: എസ്.എൻ.ഡി.പി നേതാവ് കെ.കെ.മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വെള്ളപ്പള്ളിയുടെ സഹായി കെ.എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ മൂവരും ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.പ്രതികൾ കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിലുണ്ട്.

2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.കെ.കെ മഹേശന്റെ കുടുംബം നൽകിയ ഹരജിയിലാണ് നടപടി. 

അതേസമയം, ആരോപണങ്ങള്‍ വെള്ളിപ്പള്ളി നടേശന്‍ നിഷേധിച്ചു.  കേസിന്റെ പല ഭാഗങ്ങളും മറച്ചുവെച്ചാണ് കോടതിയിൽ പോയത്. ആത്മഹത്യ എന്ന് കണ്ടെത്തി തള്ളിയ കേസാണിത്. തന്നെ പ്രതിയാക്കി എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് പിടിക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

'താനും തുഷാറും മത്സര രംഗത്തേക്ക് വരാതിരിക്കുക ലക്ഷ്യം. മഹേശൻ കേസ് സിബിഐ അന്വേഷിക്കണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നു. മഹേശൻ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ട്. നിലനിൽപ്പ് ഇല്ലാതെ വന്നപ്പോൾ ജീവനൊടുക്കിയത് തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമായിരുന്നു. കേസിനെക്കുറിച്ച് ഭയമില്ല, ആരോപണങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്'. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News