'വഖഫ് ബിൽ പാർലമെന്റിലെ മതേതരത്വ പരീക്ഷ'; ഭേദഗതിയെ അനുകൂലിച്ച് ദീപിക മുഖപ്രസംഗം
വഖഫ് നിയമം ഭേദഗതി ചെയ്യാൻ അനുകൂലമായി വോട്ടു ചെയ്യണമെന്നു കോൺഗ്രസിനോടും സിപിഎമ്മിനോടും ഒരിക്കൽകൂടി അഭ്യർഥിക്കുന്നു
കൊച്ചി: വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് കത്തോലിക്കാ സഭ മുഖപത്രം ദീപിക . വഖഫ് ബിൽ പാർലമെന്റിലെ മതേതരത്വ പരീക്ഷയാണ്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് അവകാശമുന്നയിക്കാൻ ബോർഡിന് കഴിയുന്നത് വഖഫ് നിയമമുള്ളതുകൊണ്ടാണ്. ബില്ലിനെ പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലിക നിലപാട് ചരിത്രമായിരിക്കും എന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
വഖഫ് നിയമഭേദഗതിയിൽ രാഷ്ട്രീയ പാർട്ടികൾ അന്തിമതീരുമാനം എടുക്കാൻ സമയമായി. വഖഫ് നിയമം ഇല്ലാതാക്കാനല്ല, കൈയേറ്റാനുമതി നൽകുന്നതും ഭരണഘടനാപരിഹാരം നിഷേധിക്കുന്നതുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. അത്, മുസ്ലിം സമുദായത്തിലെ ഒരാൾക്കും നീതി നിഷേധിക്കുന്നില്ല. വഖഫ് നിയമത്തിന്റെ ഇരകളായ ആയിരക്കണക്കിനു ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം പൗരന്മാർ നേരിടുന്ന അനീതിക്ക് അറുതി വരുത്തുകയും ചെയ്യും.
ഇപ്പറയുന്നതിന്റെ ന്യായം കോൺഗ്രസിനും സിപിഎമ്മിനും ഇനിയും മനസിലായിട്ടില്ലെങ്കിൽ ഒന്നും പറയാനില്ല. വഖഫ് പാർലമെന്റിലെ മതേതരത്വ പരീക്ഷയാണ്. നിങ്ങൾ പിന്തുണച്ചില്ലെങ്കിലും ഭേദഗതി പാസാകുമോ എന്നതു വേറെ കാര്യം. പക്ഷേ, പിന്തുണച്ചില്ലെങ്കിൽ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കും; മതേതര തലമുറകളോടു കണക്കു പറയേണ്ട ചരിത്രം.
വഖഫ് ഭേദഗതി ബിൽ സർക്കാർ എപ്പോൾ വേണമെങ്കിലും പാർലമെന്റിൽ വച്ചേക്കാം. ‘ഇന്ത്യ’ മുന്നണി അതിനെ എതിർക്കുകയാണെങ്കിലും മുനന്പത്തെ നൂറുകണക്കിനു കുടുംബങ്ങളെ തെരുവിലിറക്കാൻ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാൻ അനുകൂലമായി വോട്ടു ചെയ്യണമെന്നു കോൺഗ്രസിനോടും സിപിഎമ്മിനോടും ഒരിക്കൽകൂടി അഭ്യർഥിക്കുന്നു.
കേരളത്തിലെ എംപിമാരോട് കഴിഞ്ഞദിവസം കെസിബിസി (കേരള കത്തോലിക്കാ മെത്രാൻ സംഘം) ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. “മുനമ്പത്തെ ജനങ്ങൾ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചുവന്ന ഭൂമിക്കുമേലുള്ള റവന്യു അവകാശങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തവിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യണം.
മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫാറൂഖ് കോളജ് തന്നെ, പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണം” എന്നാണ് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടത്. 1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദപ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.