'കണ്ട പെലേരേം ചോമാരേം പോലും പാന്റും കോട്ടുമിട്ടെന്ന പേരിൽ ഇല്ലം തീണ്ടിക്കണ കാലാ': വിദ്യാര്‍ഥിയായിരിക്കെ കേട്ട ജാതിവെറി പങ്കുവെച്ച് ഡോ. എ.കെ വാസു

ബിഎഡിനു പഠിച്ചുകൊണ്ടിരുന്ന സമയത്ത് നമ്പൂതിരി വിഭാഗത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന മുത്തശ്ശിയാണ് ജാതി ചോദിച്ചതെന്ന് എ.കെ വാസു

Update: 2025-08-06 08:06 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: വിദ്യാര്‍ഥിയായിരിക്കെ കേട്ട ജാതിവെറി പങ്കുവെച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ. എ.കെ വാസു. 

ബിഎഡിനു പഠിച്ചുകൊണ്ടിരുന്ന സമയത്ത് നമ്പൂതിരി വിഭാഗത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന മുത്തശ്ശിയാണ് ജാതി ചോദിച്ചതെന്ന് എ.കെ വാസു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 

'കണ്ട പെലേരേം ചോമാരേം പോലും പാന്റും കോട്ടുമിട്ടെന്ന പേരിൽ ഇല്ലംതീണ്ടിക്കണ കാലാ, അതുകൊണ്ടാണ്  മുത്തശ്ശി ചോദിച്ചതെന്നും'- എ.കെ വാസു പറയുന്നു. അതേസമയം ജനാധിപത്യഭരണമുള്ള ഒരു നാട്ടിലെ പൊതുവേദിയിലെത്തി പരസ്പര ബഹുമാനമില്ലാതെ സംസാരിക്കുന്നത് സംസ്കാര ശൂന്യതയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തെ പരാമര്‍ശിച്ചും എ.കെ വാസു പറഞ്ഞു. 

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: 

B.Ed നു പഠിച്ചുകൊണ്ടിരുന്ന സമയത്ത് നമ്പൂതിരി വിഭാഗത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. പഴയ ഒരു നാലുകെട്ട് . വൃദ്ധയായ ഒരു സ്ത്രീ പ്രാഞ്ചിക്കിതച്ച് ഇറങ്ങിവന്നു.

ഉണ്ണീടെ കൂട്ടുകാരനാണോ?

അതെ ,

ഞാൻ ഉത്തരം പറഞ്ഞു.

വലതുകൈ നെറ്റിയിൽ ചേർത്തുവെച്ച് എന്നെയൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട്

അടുത്ത ചോദ്യം,

എന്താ ജാതി........?

ഒന്നും മിണ്ടണ്ട,

പേരുപോലും ചോദിക്കാതെ

ജാതി ചോദിച്ചതിൽ

എൻറെ ഭാവപ്പകർച്ചകണ്ട്

സുഹൃത്ത് വിലക്കി .

(ഞാനൊരു ദളിത് പ്രവർത്തകനാണെന്ന കാര്യവും അവന് അറിയാമായിരുന്നു. ) കണ്ട പെലേരേം ചോമാരേം പോലും പാന്റും കോട്ടുമിട്ടെന്ന പേരിൽ ഇല്ലംതീണ്ടിക്കണ കാലാ, അതോണ്ട് ചോദിച്ചൂന്നുമാത്രം. വൃദ്ധ പിന്നെയും പലതരം ജാതിവെറികൾ പുലമ്പിക്കൊണ്ടു നിന്നു. ഞങ്ങൾ അവരെ മൈൻഡ് ചെയ്യാതെ മറ്റൊരു സ്ഥലത്ത് പോയിരുന്ന് സംസാരിച്ചു . അധികം വൈകാതെ തിരിച്ചുപോന്നു.

"നീ ഒന്നും വിചാരിക്കരുത്

മുത്തശ്ശി

ഓൾഡ് ജനറേഷന്റെ പീസാ.

അല്പം അൽഷിമേഴ്സുമുണ്ട്.

അവരുടെ ചിന്തകളെയും ശീലങ്ങളെയും അണുവിട മാറ്റാൻ കഴിയുകയില്ല ഇതൊക്കെ ചിതയിൽ മാത്രം തീരുന്ന കാര്യമാണ്. വൃദ്ധയുടെ സംസാരം എനിക്ക് വിഷമമായി എന്ന് മനസ്സിലാക്കിയ കൂട്ടുകാരൻ, ഞങ്ങൾ ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുംവഴി പറഞ്ഞു, സാധാരണഗതിയിൽ കൂട്ടുകാരോ നാട്ടുകാരോ ഇല്ലത്തു വരുമ്പോൾ മുത്തശ്ശിയെ കോലായിലേക്ക് വരുത്താതെ നോക്കാറുണ്ട്. ഇന്ന് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് വന്നുപോയി, നീ ക്ഷമിക്ക്

ഞാൻ ക്ഷമിച്ചു. പക്ഷേ നീ എന്റെ വീട്ടിൽ വന്നപ്പോളൊന്നും ഇങ്ങനെയൊരു ചോദ്യമോ അവജ്ഞയോ ഞങ്ങളുടെ അമ്മൂമ്മമാരിൽ നിന്ന് നിനക്ക് നേരിടേണ്ടി വന്നിട്ടില്ലല്ലോ. ഞങ്ങൾ നിങ്ങളെക്കാൾ മികച്ച സംസ്കാരം സൂക്ഷിക്കുന്നവരാണ്. അതു മനസ്സിലാക്കാൻ നീ പോലും ഇപ്പോ പാകമായിട്ടില്ല. വന്ന ബസ്സിന് കൈനീട്ടി ഞാൻ കയറി.

കാലം മാറിയത് അറിയാതെ മനുഷ്യരോട് ഇടപെടുന്നത് കുടുംബത്തിന് ചീത്തപ്പേരാണ് എന്ന ബോധ്യം കൊണ്ടാണ് അവൻ അന്നങ്ങനെ പറഞ്ഞത്. ജനാധിപത്യഭരണമുള്ള ഒരു നാട്ടിലെ പൊതുവേദിയിലെത്തി പരസ്പര ബഹുമാനമില്ലാതെ സംസാരിക്കുന്നത് സംസ്കാര ശൂന്യതയാണ്. കുറച്ചു സിനിമ ഉണ്ടാക്കീട്ടുണ്ട്, കുറച്ചധികം പാട്ടെഴുതീട്ടുണ്ട്, ജാംബവാന്റെ പ്രായമുണ്ട് തുടങ്ങിയ ന്യായങ്ങൾ നിരത്തി അപരഹിംസ നടത്തിയവരെ ന്യായീകരിക്കുന്നത് ജാതിസംരക്ഷണം തന്നെയാണ് .

അൽഷിമേഴ്സ് ബാധിച്ച പഴയകാലത്തിന്റെ പീസുകളെ പൊതുവേദിയിലേക്ക് കെട്ടിയെഴുന്നള്ളിക്കാതിരിക്കുക എന്നത് ഇനിയെങ്കിലും നടത്തേണ്ട സാംസ്കാരിക പ്രവർത്തനമാണ്. അതിപ്പോ , അടൂർ ഗോപാലകൃഷ്ണനെ ആയാലും ശ്രീകുമാരൻ തമ്പിയെ ആയാലും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News