'ഉത്തരേന്ത്യയിൽ സംഘപരിവാറും ആർഎസ്എസും നടത്തുന്ന അതേ രീതിയിലുള്ള ഭീഷണിയാണ് വണ്ടൂരിലേത്'; യൂത്ത് കോൺഗ്രസ്
അക്രമ രാഷ്ട്രീയത്തിൽ നിന്ന് ഞങ്ങൾ പിന്മാറിയിട്ടില്ല എന്ന വിളംബരമാണ് വണ്ടൂരിൽ കണ്ടത്
കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്‍റെ കൈവെട്ടുമെന്ന വണ്ടൂരിൽ നടന്ന സിപിഎം പ്രകടനത്തിൽ നടത്തിയ മുദ്രാവാക്യം അങ്ങേയറ്റം അപലപനീയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ. ഉത്തരേന്ത്യയിൽ സംഘപരിവാറും ആർഎസ്എസും നടത്തുന്ന അതേ രീതിയിലുള്ള ഭീഷണിയാണ് വണ്ടൂരിൽ നടന്നിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴങ്ങാത്ത മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും ഫാസിസ്റ്റ് രീതിയിൽ നേരിടുന്ന കാര്യത്തിൽ സിപിഎമ്മിനും സംഘപരിവാറിനും ഒരേ മുഖം കഴിഞ്ഞദിവസം സിപിഎമ്മിന്‍റെ നേതാവിനെ വിമർശിച്ചു എന്നതിന്‍റേ പേരിൽ മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്‍റെ കൈവെട്ടുമെന്ന വണ്ടൂരിൽ നടന്ന സിപിഎം പ്രകടനത്തിൽ നടത്തിയ മുദ്രാവാക്യം അങ്ങേയറ്റം അപലപനീയമാണ്. ഉത്തരേന്ത്യയിൽ സംഘപരിവാറും ആർഎസ്എസും നടത്തുന്ന അതേ രീതിയിലുള്ള ഭീഷണിയാണ് വണ്ടൂരിൽ നടന്നിരിക്കുന്നത്.
തങ്ങളുടെ താൽപര്യത്തിനെതിരായി ചാനൽ ചർച്ചയിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞ മാധ്യമപ്രവർത്തകനെ ജനാധിപത്യ രീതിയിൽ വിമർശിക്കുന്നതിനു പകരം കൊലവിളി മുദ്രാവാക്യവുമായി കടന്നുവരുന്നത് അക്രമ രാഷ്ട്രീയത്തിൽ നിന്ന് ഞങ്ങൾ പിന്മാറിയിട്ടില്ല എന്ന വിളംബരമാണ് വണ്ടൂരിൽ കണ്ടത്. പാർട്ടി പ്രതിരോധത്തിൽ ആകുമ്പോൾ അക്രമം അഴിച്ചുവിട്ടു യഥാർഥ പ്രശ്നത്തിൽ നിന്ന് വഴി തിരിച്ചു വിടാനുള്ള സിപിഎമ്മിന്‍റെ അധമ രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് മാധ്യമപ്രവർത്തകർക്ക് എതിരായിട്ടുള്ള അതിരുവിട്ടുള്ള സമീപനം .
ഇതിനെ ജനാധിപത്യ സമൂഹം അർഹിക്കുന്ന അവജ്ഞയോടെ കൂടി തള്ളിക്കളയും കേരളത്തിലെ സിപിഎമ്മിന്‍റെ ഫാസിസ്റ്റ് മുഖവും ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നയങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ കപട മുഖം തിരിച്ചറിഞ്ഞ ജനങ്ങൾ നിലമ്പൂരിൽ ജനാധിപത്യത്തിലൂടെ മറുപടി കൊടുത്തപ്പോൾ വിരളി പൂണ്ട സിപിഎം മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും ആക്രമിച്ച് ജനശ്രദ്ധ തിരിച്ചു രക്ഷപ്പെടാം എന്നുള്ളത് വ്യാമോഹം മാത്രമാണ്.
ഈ നയ സമീപനത്തിനെതിരായി സിപിഎമ്മിൽ നിന്ന് തന്നെ വലിയ പൊട്ടിത്തെറിയും ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തെയും തള്ളിപ്പറയുന്ന സമയം അതിവിദൂരമല്ല. സംഘപരിവാർ മീഡിയവണിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചതാണ് അവർക്ക് സാധിക്കാത്തതാണോ ടിപിയെ കൊന്ന പാർട്ടിക്ക് സാധിക്കുക