'പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ല'; കൊടകര കുഴൽപ്പണ കേസിൽ ഇഡി ക്ലീൻചിറ്റ്

ഒരു വ്യവസായ ആവശ്യത്തിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണെന്നാണ് കുറ്റപത്രത്തിലെ വാദം.‌

Update: 2025-03-25 15:47 GMT

കൊച്ചി: ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിജെപിക്ക് ക്ലീൻചിറ്റ് നൽകുന്ന കുറ്റപത്രം കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി സമർപ്പിച്ചത്. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലെ വാദം.‌

പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കർണാടകയിൽനിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോർട്ടും പൂർണമായും തള്ളുന്ന കുറ്റപത്രത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും പറയുന്നു.

Advertising
Advertising

2021 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ്, കർണാടകയിൽ നിന്നും കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസിൽ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

അതിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയർന്നത്. പിന്നാലെ, ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു.

ഇതിനു ശേഷം കഴിഞ്ഞവർഷം ജൂലൈയിൽ പൊലീസ് ആദ്യ കുറ്റപത്രവും സെപ്തംബറിൽ അധിക റിപ്പോർട്ടും സമർപ്പിച്ചു. കേസിൽ അറസ്റ്റിലായവരെല്ലാം നിലവിൽ ജാമ്യത്തിലാണ്. കഴിഞ്ഞവർഷം ഈ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും കുറച്ചുകൂടി പണം കണ്ടെത്തുകയും ഒരാളെക്കൂടി പ്രതി ചേർക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, അന്നത്തെ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് മാസങ്ങൾക്ക് മുമ്പ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തി. അത് ബിജെപിയുടെ തെരഞ്ഞെടുപ്പിലേക്ക് ഫണ്ടിലേക്ക് വന്ന പണമാണെന്നും താൻ ഓഫീസിലുണ്ടായിരുന്നപ്പോഴാണ് മൂന്നു ചാക്കുകളിലായി പണമെത്തിച്ചതെന്നും സതീശ് പറഞ്ഞിരുന്നു. ഇതിൽ പൊലീസ് തിരൂർ സതീശന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടരന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ സതീശന്റെ വെളിപ്പെടുത്തൽ പൂർണമായും തള്ളുകയാണ് ഇഡി കുറ്റപത്രം. ധർമരാജ് എന്ന വ്യക്തി തന്റെ വ്യവസായ ആവശ്യത്തിനായി കൊണ്ടുവന്നതാണ് പണമെന്നും ആലപ്പുഴയിലെ തിരുവിതാംകൂർ പാലസിന്റെ ഒരു വസ്തു വാങ്ങാനായി ഡ്രൈവർ വഴി കൊടുത്തുവിട്ട പണമാണ് കൊടകരയിൽവച്ച് തട്ടിയെടുക്കപ്പെട്ടതെന്നുമാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്.

കോഴിക്കോട് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജ്, ഈ പണം തന്റെയും യുവമോർച്ച മുൻ സംസ്ഥാന നേതാവ് സുനിൽ നായ്ക്കിന്റേയുമാണെന്നും തിരികെ കിട്ടണമെന്നുമാവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News