സിപിഎമ്മിനേയും സർക്കാരിനേയും പ്രതിരോധത്തിലാക്കി ഇഡി നോട്ടീസ്

മുഖ്യമന്ത്രിക്ക് ഇഡി നേരിട്ട് നോട്ടീസ് അയക്കുന്നത് ആദ്യമായിട്ട്

Update: 2025-12-01 13:12 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി ഇഡി നോട്ടീസ്. മസാലബോണ്ടിൽ ഇഡിയുടെ നോട്ടീസിന് പിന്നിൽ ബിജെപി യുടെ രാഷ്ട്രീയ നീക്കമാണെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളിയെന്നുമാണ് സിപിഎം നിലപാട്. എന്നാൽ, ശബരിമല അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി-സിപിഎം ഡീലാണ് നോട്ടീസെന്ന് കോൺഗ്രസ് പ്രതികരിച്ചു.

കുടുംബാംഗങ്ങൾ അന്വേഷണ നിഴലിൽ വന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് ഇഡി നേരിട്ട് നോട്ടീസ് അയക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ പ്രതിരോധിക്കേണ്ട ബാധ്യത പാർട്ടിക്കും സർക്കാരിനും ഉണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ പതിവ് ഇ ഡി പക എന്നാണ് സിപിഎമ്മിന്റെ വിമർശനം. ബിജെപിയുടെ രാഷ്ട്രീയ കളിയെന്നും പിന്നിൽ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ വെല്ലുവിളിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

എന്നാൽ, ബിജെപി സിപിഎം ഡീൽ എന്നാണ് ഇ ഡി നോട്ടീസിൽ കോൺഗ്രസ് പ്രതികരണം. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭീഷണിപ്പെടുത്തി വിധേയരാക്കി ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നോട്ടീസ് തമാശ എന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കം എന്നുമായിരുന്നു കെപിസിസി പ്രസിഡണ്ടിന്റെ പ്രതികരണം. എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാന ലാപ്പിൽ ഇ ഡി നോട്ടീസും പ്രധാന പ്രചാരണ വിഷയമാകും എന്ന് ഉറപ്പ്

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News