Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ വിഭജന രാഷ്ട്രീയം നടപ്പിലാക്കാനുള്ള സിപിഎം ശ്രമത്തിനും ജനവിരുദ്ധമായ ഭരണത്തിനും ജനങ്ങള്‍ നല്‍കിയ മറുപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. തെരഞ്ഞെടുപ്പ് ജയിക്കാനായി ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് സിപിഎമ്മും ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞ് കേരളത്തില്‍ 'മുസ്‌ലിം ഭീതി' സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകള്‍ സമാഹരിക്കുകയെന്ന ധ്രുവീകരണ തന്ത്രമാണ് സിപിഎം പയറ്റിയത്. എന്നാല്‍, കേരള ജനത അതിനെ ചവിട്ടിത്താഴ്ത്തിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്നും റസാഖ് പാലേരി വ്യക്തമാക്കി.
'കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയത വിളമ്പുന്ന വെള്ളാപ്പള്ളി നടേശനടക്കമുള്ളവരെ സിപിഎം തോളിലേറ്റി നടക്കുകയാണ്. കേവലമായ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വിഭജന, സാമുദായിക ധ്രുവീകരണ നയങ്ങള്‍ പിന്തുടരുന്നത് അത്യധികം ആപത്താണെന്നും അത് ബി.ജെ.പിയെയാണ് ആത്യന്തികമായി സഹായിക്കുക എന്നും ഇനിയെങ്കിലും സി.പി.എം തിരിച്ചറിയണം.'
'വിലക്കയറ്റവും ജനങ്ങളുടെ നടുവൊടിക്കുന്ന നിരക്ക് വര്‍ധനവുകളുമടക്കം അങ്ങേയറ്റം ജനദ്രോഹപരമായാണ് സംസ്ഥാന ഭരണം മുന്നോട്ട് പോകുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാറിനോട് ജനങ്ങള്‍ നന്ദി കാണിച്ചില്ലെന്ന രീതിയിലുള്ള പ്രസ്താവന സി.പി.എം നേതാക്കള്‍ നടത്തുന്നത് അപഹാസ്യമാണ്.' തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ കനത്ത തിരിച്ചടികളാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം മികച്ച മുന്നേറ്റമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളിലായി പാര്‍ട്ടിയുടെ 75 ജനപ്രതിനിധികളെ ജനം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാര്‍ട്ടിക്കെതിരെ വലിയ അക്രമണമാണ് സി.പി.എം അഴിച്ചുവിട്ടത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സിറ്റിങ് വാര്‍ഡുകളില്‍ വ്യാപകമായി ബിജെപിയെയടക്കം കൂട്ടുപിടിച്ച് പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ സിപിഎം ശ്രമം നടത്തി. അതിനെയെല്ലാം മറികടന്നുള്ള തിളക്കമാര്‍ന്ന വിജയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേടിയത്. തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ഊര്‍ജ്ജത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുകയും സംഘ്പരിവാറിന്റെയും സി.പി.എമ്മിന്റെയും ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ പോരാട്ടം കനപ്പിക്കുകയും ചെയ്യുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.