ലഹരി മരുന്ന്, ആയുധവേട്ട കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; ജോണ്‍പോളിനെ ഇ.ഡി അറസ്റ്റ് ചെയ്തു

എല്‍ ടി ടിക്ക് പണം കണ്ടെത്താന്‍ ആയുധക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഗൂഢാലോചന നടത്തിയെന്നാണ് ജോണ്‍ പോളിനെതിരായ ആരോപണം

Update: 2024-03-18 07:21 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: ലഹരി മരുന്ന്, ആയുധ വേട്ട കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ തമിഴ്‌നാട് സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയുമായ ജോണ്‍ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എല്‍ ടി ടിക്ക് പണം കണ്ടെത്താന്‍ ആയുധക്കടത്തിനും മയക്കുമരുന്ന് കടത്തിനും ഗൂഢാലോചന നടത്തിയെന്നാണ് ജോണ്‍ പോളിനെതിരായ ആരോപണം. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് ഇന്നലെയാണ് ഇ.ഡി ജോണ്‍പോളിനെ പിടികൂടിയത്.

2021 മാര്‍ച്ചില്‍ അഞ്ച് എ.കെ 47 തോക്കുകളും ആയിരം വെടിയുണ്ടകളും 300 ഗ്രാം ഹെറോയിനും സഹിതം മൂന്ന് ബോട്ടുകള്‍ ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപ് പരിസരത്ത് നിന്ന് കോസ്റ്റ്ഗാര്‍ഡും നാവിക സേനയും ചേര്‍ന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് എന്‍.ഐ.എയാണ് ഇത് അന്വേഷിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ലഹരി ആയുധ കടത്തിലൂടെയുള്ള കള്ളപ്പണം സംബന്ധിച്ചുള്ള പരിശോധനയിലേക്ക് ഇ.ഡി കടന്നത്. പിന്നാലെ ഇ.ഡി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പല പ്രാവശ്യം കോടതി ജോണ്‍പോളിന് സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാവാന്‍ തയ്യാറായിരുന്നില്ല. പിന്നാലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും തുടര്‍ന്ന് ഇന്നലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എല്‍ടിടിക്ക് പണം കണ്ടെത്താന്‍ മുഖ്യപ്രതികള്‍ക്കൊപ്പം ആയുധകടത്തിനും മയക്കുമരുന്ന് കടത്തിനും ഗൂഢാലോചനയ്ക്കും ഒപ്പം പങ്കാളിയായ ആളാണ് ജോണ്‍പോളെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. പ്രതികള്‍ തമ്മിലുള്ള പണമിടപാടിന് ഇടനിലക്കാരനായിരുന്നു ഇയാളെന്നും ഇ.ഡി പറഞ്ഞു. ജോണ്‍പോളിനെ കലൂരിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരിക്കയാണ്.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News