മാസപ്പടിക്കേസ്; നടപടികൾ പുനരാരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു

Update: 2025-04-10 14:55 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: മാസപ്പടിക്കേസിലെ നടപടികൾ പുനരാരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടപടികൾ വേഗമാക്കുന്നതിന്റെ ഭാഗമായി ഇ.ഡി എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പിനായി അപേക്ഷ സമർപ്പിച്ചു. എക്സാലോജിക്-സിഎംആര്‍എൽ ഇടപാടിലെ കുറ്റപത്രത്തിനായാണ് ഇ.ഡി എറണാകുളത്തെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയത്. ഇഡി അഭിഭാഷകനാണ് അപേക്ഷ നൽകിയത്. കുറ്റപത്രം പരിശോധിച്ചശേഷം അതിവേഗത്തിൽ അന്വേഷണം ആരംഭിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇഡി നടപടി.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരായ തെളിവുകള്‍ പരിശോധിച്ച് കള്ളപ്പണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായാണ് എസ്എഫ്ഐഒയുടെ കുറ്റപത്രം ആവശ്യപ്പെട്ട് അപേക്ഷ നൽകിയതെന്നാണ് വിവരം. വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാൻ ഇഡി ഡയറക്ടറുടെ അനുമതിയും ലഭിച്ചിരുന്നു. കുറ്റപത്രം വിശദമായി പഠിച്ചശേഷം മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ ചോദ്യം ചെയ്യുന്നതിൽ അടക്കം തീരുമാനം എടുക്കും.

Advertising
Advertising

കഴിഞ്ഞ ദിവസം, കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടി കേസിൽ SFIO കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആർഎലിന്റെ ആവശ്യം. എന്നാൽ ആവശ്യം അംഗീകരിക്കാതെയാണ് ഡൽഹി ഹൈക്കോടതി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്.

അതേസമയം, മാസപ്പടികേസിൽ മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസ് അല്ല ഇത്. കുറച്ച് കൂടി ഗൗരവത്തോടെ നേരിടണമെന്നും സതീശൻ പറഞ്ഞു. കേസിൽ കുടുങ്ങുമെന്ന വെപ്രാളമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും, പത്രസമ്മേളനത്തിൽ പൊട്ടിത്തെറിക്കുന്നത് സമനില തെറ്റിയത് കൊണ്ടാണെന്നും കെ. സുധാകരൻ ആരോപിച്ചു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News