ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല: കങ്കണ റണാവത്ത്

ജനങ്ങളുടെ വിശ്വാസം തകർക്കുന്നവർ ആരായാലും അവരുടെ അഹങ്കാരം തകർക്കപ്പെടുമെന്നും താമര വിരിയുമെന്നും കങ്കണ

Update: 2022-06-30 14:34 GMT
Editor : afsal137 | By : Web Desk
Advertising

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചില ട്വിസ്റ്റുകൾക്കിടയിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവന്റെ 12-ാമത്തെ അവതാരമാണ് ഹനുമാൻ. പക്ഷേ ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ലെന്ന് കങ്കണ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു കങ്കണയുടെ പ്രതികരണം. ജനങ്ങളുടെ വിശ്വാസം തകർക്കുന്നവർ ആരായാലും അവരുടെ അഹങ്കാരം തകർക്കപ്പെടുമെന്നും താമര വിരിയുമെന്നും കങ്കണ വ്യക്തമാക്കി.

'തിന്മ വർധിക്കുമ്പോൾ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും. 1975-ന് ശേഷം ജനാധിപത്യത്തിൽ ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് നാമിന്ന്. 1975-ൽ രാഷ്ട്രീയ നേതാവായിരുന്ന ജെ.പി നാരായൺ അധികാരത്തെ വെല്ലുവിളിക്കുകയും അധികാരം തകർന്നുതാഴെ വീഴുകയും ചെയ്തു. 2020-ൽ ജനാധിപത്യം എന്നത് വിശ്വാസമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ വിശ്വാസത്തെ തകർക്കുന്നത് ആര് തന്നെയാണെങ്കിലും അതിന്റെ അനന്തരഫലവും അവർ തന്നെ അനുഭവിക്കേണ്ടി വരും. ഹര ഹര മഹാദേവ്. ജയ്ഹിന്ദ്. ജയ് മഹാരാഷ്ട്ര'- കങ്കണ വിഡിയോയിൽ പറഞ്ഞു.

അതേസമയം വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നിലവിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാണ് ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. എന്നാൽ അദ്ദേഹം മന്ത്രിസഭയിൽ നിന്ന് പോലും വിട്ടുനിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറുന്നത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചെറിയ രീതിയിൽ സത്യപ്രതിജ്ഞ നടത്തുന്നത്. പെട്ടെന്ന് അധികാരം ഏറ്റെടുക്കുകയാണ് ലക്ഷ്യം. ഫഡ്‌നവിസും ഷിൻഡെയും ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് സർക്കാർ രൂപവത്കരിക്കാൻ അവകാശ വാദം ഉന്നയിയിച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News