മലപ്പുറം: കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്ന സംഘത്തെ മലപ്പുറം പൊന്നാനി പൊലീസ് പിടികൂടി. ശിവകാശിയിലും പൊള്ളാച്ചിയിലും നിർമിച്ച സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന തിരൂർ സ്വദേശി ധനിഷ് എന്ന ഡാനി ഉൾപ്പെടെ പത്തംഗ സംഘമാണ് പിടിയിലായത്.
തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ 22 സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇവക്കെല്ലാം നേതൃത്വം നൽകുന്നത് കുറഞ്ഞ കാലം കൊണ്ട് സമ്പന്നനായ തിരൂർ മീനടത്തൂർ സ്വദേശി ധനീഷ് എന്ന ഡാനി . ഇയാൾ ഉൾപ്പെടെ 10 പേരെ പൊന്നാനി പൊലീസ് വിവിധയിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡാനിയുടെ സഹായികളായ പൊന്നാനി മൂച്ചിക്കൽ ഇർഷാദ്, തിരൂർ സ്വദേശികളായ രാഹുൽ, നിസാർ, തിരുവനന്തപുരം സ്വദേശികളായ ജസീം, ഷെഫീഖ്, രതീഷ്, ശിവകാശി സ്വദേശികളായ ജൈനുൽ ആബിദിൻ, അരവിന്ദ്, വെങ്കിടേഷ്, എന്നിവരാണ് പിടിയിലായത്
വ്യാജ മാർക്ക് ലിസ്റ്റുകളും റാക്കറ്റിൻ്റെ പക്കലുണ്ട്. ആവശ്യങ്ങൾക്കനുസരിച്ച് വിലയിൽ വ്യത്യാസമുണ്ട്. മൂന്നുവർഷ ബിരുദ സർട്ടിഫിക്കറ്റ് അൻപതിനായിരം മുതൽ 75000 രൂപ വരെ, ബിരുദാനന്തര ബിരുദം ഒരു ലക്ഷം ബിടെക് ന് 1.5 ലക്ഷം എന്നിങ്ങനെയാണ് നിരക്ക്.
നിർമാണം മുഴുവൻ ശിവകാശിയിലും പൊള്ളിച്ചിയിലും. നിർമാണത്തിനുള്ള ആധുനിക പ്രിൻ്റർ, സർട്ടിഫിക്കറ്റുകൾ ഡിസൈൻ ചെയ്യുന്ന ഡെസ്ക്ടോപ്പ് , ലാപ്പ് ടോപ്പ് വ്യാജ സീലുകൾ, ഹോളോഗ്രാം എന്നിവ രണ്ടിടങ്ങളിൽ നിന്നായാണ് പൊന്നാനി പൊലീസ് കണ്ടെത്തിയത്. ഇന്ത്യയിയില വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഏജൻ്റുമാർ വഴിയാണ് വില്പന എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.