'പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയത് പ്രശസ്തനാകാനുള്ള ആഗ്രഹം കൊണ്ട്'; സൈനികനെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി

തന്നെ ഇടിക്കണമെന്ന് ഷൈൻ കുമാർ പറഞ്ഞെന്നും മദ്യപിച്ച അവസ്ഥയിലായിരുന്നതിനാൽ അതിന് മുതിർന്നില്ലെന്നും സുഹൃത്തിന്‍റെ മൊഴിയിലുണ്ട്

Update: 2023-09-26 08:02 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കൊല്ലം കടക്കലിൽ സൈനികന്റെ മുതുകിൽ പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന വ്യാജ പരാതി നൽകിയത് പ്രശസ്തനാകാൻ വേണ്ടിയെന്ന് പൊലീസ്. സൈനികന്റെ സുഹൃത്താണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. സൈനികനായ ഷൈൻ കുമാറായിരുന്നു  ചാപ്പ കുത്തിയതെന്ന പരാതി നൽകിയത്. പരാതിയിലും മൊഴിയിലും പൊരുത്തക്കേടുകൾ തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്ത് വന്നത്.

ഷൈൻ കുമാറിനെയും സുഹൃത്ത് ജോഷിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിലുടനീളം ഷൈൻ കുമാർ തന്റെ പരാതിയിൽ ഉറച്ചുനിന്നു. എന്നാൽ സുഹൃത്ത് ജോഷി, താനാണ് പി.എഫ്.ഐ എന്ന് എഴുതിയതെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. 'പ്രശസ്തനാകാൻ വേണ്ടിയാണ് ഇത് ചെയ്തത്. എനിക്ക് ഒരുപകാരം ചെയ്യണം, എനിക്ക് ഫേമസാകണം എന്നാണ് അവൻ പറഞ്ഞത്. ടി ഷർട്ട് ബ്ലേഡ് കൊണ്ട് കീറാനും പറഞ്ഞു. ഡി.എഫ്.ഐ എന്നാണ് താൻ ആദ്യം എഴുതിയത്. എന്നാൽ അങ്ങനെയല്ല,പി.എഫ്.ഐ എന്നെഴുതണമെന്നും ഷൈൻ കുമാർ പറഞ്ഞു. പിന്നെ രണ്ടാമതാണ് പി.എഫ്.ഐ എന്ന് എഴുതിയത്. തന്നെ ഇടിക്കണമെന്നും ഷൈൻ കുമാർ പറഞ്ഞു.പക്ഷേ താൻ മദ്യപിച്ച അവസ്ഥയിലായിരുന്നതിനാൽ അതിന് മുതിർന്നില്ല'.. സുഹൃത്ത് ജോഷി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും ജോഷിയുടെ മൊഴിയിലുണ്ട്. രാജസ്ഥാനിലാണ് ഷൈൻ കുമാർ ജോലിചെയ്യുന്നത്. അവധി കഴിഞ്ഞ് മടങ്ങിപ്പോകുന്നതിന്റെ തലേദിവസമാണ് സംഭവം നടക്കുന്നത്.

സുഹൃത്തിന് പണം കൊടുക്കാനായി പോകുന്ന സമയത്ത് വഴിയിൽ കുറച്ച് പേരെ കാണുകയും അവർ തന്നെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തുകയും ചെയ്തുവെന്നായിരുന്നു സൈനികന്റെ പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്ന് എഴുതിയതെന്ന് മനസിലായെന്നും പരാതിയിലുണ്ട്. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐ.ബിയുമുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. സൈനികന്റെ മുതുകിൽ പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന വാർത്ത ദേശീയ മാധ്യമങ്ങളടക്കം വൻ പ്രധാന്യത്തോടെയാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News