തട്ടുകടയ്ക്ക് അരലക്ഷം പിഴ; കട തുറക്കാനുള്ള സാധനങ്ങളെല്ലാം തയാറാക്കി ആത്മഹത്യ- നാടിനെ നടുക്കി കല്ലമ്പലം കൂട്ടമരണം

മണിക്കുട്ടനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ സിറ്റൗട്ടിലും മറ്റു മുറികളിലുമായും മരിച്ചുകിടക്കുന്ന സ്ഥിതിയിലുമാണ് കണ്ടെത്തിയത്

Update: 2022-07-03 09:00 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നില്ല മരിച്ച ചാത്തൻപാറ സ്വദേശി മണിക്കുട്ടന്റേതെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ തട്ടുകടയ്ക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് അരലക്ഷം രൂപ പിഴ ചുമത്തുകയും ഇതേ തുടർന്ന് കട രണ്ട് ദിവസം അടച്ചിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

'കൂട്ടമരണം പുതിയ വീട്ടിലേക്ക് മാറാനിരിക്കെ'

തിരുവനന്തപുരം കല്ലമ്പലത്തെ ചാത്തൻപാറയിലാണ് മണിക്കുട്ടന്റെ വീടുള്ളത്. ഇതിനു സമീപത്ത് പുതിയ വീട് വച്ചിരുന്നു. വീടിന്റെ പണി പൂർത്തിയാകുന്നതിനുമുൻപ് അങ്ങോട്ട് മാറാൻ നിൽക്കവെയാണ് നാടിനെ നടുക്കി കുടുംബത്തിന്റെ കൂട്ടമരണം.

മണിക്കുട്ടൻ, അമ്മ വിലാസിനി, ഭാര്യ സന്ധ്യ(36), മക്കളായ അജീഷ്(19), അമേയ(13), മാതൃസഹോദരി ദേവകി(85) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ വിലാസിനി മാത്രമാണ് ബാക്കിയായത്. തട്ടുകടയിൽ 17 വർഷമായി ജോലി ചെയ്യുന്ന ഷംനാദ് ഇന്നു രാവിലെ മണിക്കുട്ടനെ വിളിക്കാനായി വീട്ടിലെത്തിയപ്പോഴാണ് വിലാസിനി ഉറക്കമെണീക്കുന്നത്. അവരാണ് ഷംനാദിന് ഗ്രിൽ തുറന്നുകൊടുത്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം അകത്തു കയറി നോക്കുമ്പോഴാണ് മണിക്കുട്ടൻ അടക്കമുള്ളവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മണിക്കുട്ടനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ സിറ്റൗട്ടിലും മറ്റു മുറികളിലുമായും മരിച്ചുകിടക്കുന്ന സ്ഥിതിയിലുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കടയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വന്ന് പരിശോധന നടത്തുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നതായി ഷംനാദ് പറയുന്നു. പിഴ അടച്ച ശേഷം രണ്ടു ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് കട തുറക്കാനായിരുന്നു തീരുമാനം. കട തുറക്കാനുള്ള സാധനങ്ങളെല്ലാം ഒരുക്കിവയ്ക്കുകയും ചെയ്തിരുന്നു.

'നാട്ടുകാർക്കിടയിൽ തട്ടുകട കുട്ടൻ; സൗമ്യമുഖം'

തട്ടുകട കുട്ടൻ എന്ന പേരിലായിരുന്നു നാട്ടുകാർക്കിടയിൽ മണിക്കുട്ടൻ അറിയപ്പെടുന്നത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന തട്ടുകടയാണ് മണിക്കുട്ടന്റേതെന്ന് ബ്ലോക്ക് ഡിവിഷൻ അംഗം കുഞ്ഞിമോൾ പറയുന്നു. വളരെ സൗമ്യനായ, നല്ല രീതിയിൽ ആളുകളോട് പെരുമാറുന്ന, വർഷങ്ങളായി പരിചയമുള്ള ആളാണ്. കടയുമായി ബന്ധപ്പെട്ട് നേരത്തെ ഒരു കേസുണ്ട്. ആ സമയത്ത് തന്നെ മണിക്കുട്ടൻ ബന്ധപ്പെട്ടിരുന്നുവെന്നും കുഞ്ഞിമോൾ പറഞ്ഞു.

Full View

ഒരു വാടകക്കെട്ടിടത്തിലാണ് തട്ടുകട പ്രവർത്തിക്കുന്നത്. കെട്ടിട ഉടമയുമായി ചില സാമ്പത്തിക പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേതുടർന്ന് ഉടമ കട ഒഴിയാൻ ആവശ്യപ്പെട്ടിരുന്നതായും കുഞ്ഞിമോൾ പറഞ്ഞു. കടയുമായി ബന്ധപ്പെട്ട് കേസുള്ളതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്നായിരുന്നു മുൻപ് അധികൃതരിൽനിന്ന് ലഭിച്ച വിവരമെന്നും അവർ വെളിപ്പെടുത്തി.

Summary: Mystery rises in the mass death of a family in Kallambalam, Thiruvananthapuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News