'സർക്കാർ ഇവരുടെ ലൈഫ് കാണണം'; ലൈഫ് പദ്ധതി ലിസ്റ്റിൽ പേരുണ്ടായിട്ടും തഴയപ്പെട്ട് ദുരിതക്കുടിലിൽ ഈ കുടുംബം

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി ആനുകൂല്യം നല്‍കുന്നില്ലെന്ന് വിന്‍സന്റും കുടുംബവും പറയുന്നു

Update: 2024-02-08 02:47 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായി കാത്തിരിപ്പ് തുടര്‍ന്ന് തിരുവനന്തപുരം അമ്പലത്തുമൂല സ്വദേശി വിന്‍സന്റും ഭാര്യയും മക്കളും. ടാര്‍പോളിന്‍ വലിച്ചുകെട്ടിയ കുടിലില്‍ പതിനഞ്ച് വര്‍ഷമായി ഈ കുടുംബം കഴിയുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റന്‍ പോലുമുള്ള സൗകര്യം ഇവര്‍ക്കില്ല.  ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ട ജനപ്രതിനിധികളോടും ചോദിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തഴയുകയാണെന്നാണ് ഇവരുടെ പരാതി.

കാലിത്തൊഴുത്തില്‍പോലും ഇതില്‍ കൂടുതല്‍ സൗകര്യം കാണും. നാല് കമ്പ് നാട്ടി ടാര്‍പോളിന്‍ വലിച്ചുകെട്ടി താമസം തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചായി. പലവട്ടം പഞ്ചായത്തോഫീസിലും ജനപ്രതിനിധികളുടെ വീടിന് മുന്നിലും കയറിയിറങ്ങി. എന്നിട്ടും വീടായില്ല. ലൈഫ് മിഷന്‍ പദ്ധതിയില്‍ മൂന്ന് തവണ അപേക്ഷിച്ചു. ലിസ്റ്റില്‍ പേര് വന്നു. പക്ഷേ വീട് വെക്കാനുള്ള തുക മാത്രം ഈ കുടുംബത്തിന്റെ കൈയിലേക്കെത്തിയില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ആരും കാണാതെ കടല്‍ കരയിലോ കാട്ടിലോ പോകേണ്ട അവസ്ഥ. മഴ പെയ്താല്‍ നാല് തൂണില്‍ കെട്ടിപൊക്കിയ കൂര നിലം പൊത്തും. ലൈഫ് പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് ലഭിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് കിട്ടാതതെന്ന ചോദ്യമാണ് ഈ കുടുംബത്തിനുള്ളത്.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം കടലിലേക്ക് പോകാന്‍ കഴിയുന്നില്ല. കടം വാങ്ങിയാണ് ജീവിതം. അസൗകര്യങ്ങള്‍ കാരണം മക്കളെ ബന്ധുവീട്ടിലും മറ്റിടങ്ങളിലേക്കും മാറ്റിയെന്നും വിന്‍സന്റും പ്രമീളയും പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News