'കടബാധ്യതയുടെ പേരില്‍ സ്വയംസഹായ സംഘം ഭീഷണിപ്പെടുത്തി': തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ സഹോദരന്‍

ജാമ്യക്കാരനായിരുന്ന തനിക്കും ഭീഷണിയുണ്ടായിരുന്നുവെന്ന് രാജീവിന്‍റെ സഹോദരന്‍

Update: 2022-04-12 03:03 GMT
Advertising

പത്തനംതിട്ട: തിരുവല്ലയിൽ ആത്മഹത്യ ചെയ്ത കര്‍ഷകൻ രാജീവിന് സ്വയംസഹായ സംഘത്തില്‍ നിന്നുള്ള കടബാധ്യതയുടെ പേരിൽ ഭീഷണിയുണ്ടായിരുന്നുവെന്ന് സഹോദരൻ പ്രസാദ്. ഇതിനെ തുടർന്നായിരുന്നു ആത്മഹ്യതയെന്നും സഹോദരൻ പറഞ്ഞു. ആരോപണങ്ങള്‍ നവോദയ പുരുഷ സ്വയംസഹായ സംഘം നിഷേധിച്ചു.

രാജീവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ഇദ്ദേഹം അംഗമായിരുന്ന സ്വയംസഹായ സംഘത്തിനെതിരെ സഹോദരന്‍ രംഗത്തുവന്നത്. 40,000 രൂപ കടത്തിന്റെ പേരില്‍ സംഘം ഭാരവാഹികള്‍ രാജീവിനെ ഭീഷണിപ്പെടുത്തിയിരുന്നു. സഹോദരന്റെ ജാമ്യക്കാരനായിരുന്ന തനിക്കും ഭീഷണിയുണ്ടായിരുന്നതായി പ്രസാദ്  മീഡിയവണിനോട് പറഞ്ഞു.

എന്നാല്‍ കൃഷി നാശമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് സംഘം പറയുന്നത്. ഒരു ലക്ഷം രൂപയുടെ വായ്പയില്‍ 60,000 രൂപയും രാജീവ് തിരിച്ചടച്ചിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ഇതേ സംഘത്തില്‍ രാജീവന് നിക്ഷേപമുണ്ടായിരുന്നതായും നവോദയ പുരുഷ സ്വയം സഹായ സംഘം ഭാരവാഹികള്‍ പറഞ്ഞു.

കൃഷി വകുപ്പ് രേഖകള്‍ പ്രകാരം 3.3 ഏക്കറിലാണ് രാജീവ് നെല്‍ കൃഷി നടത്തിയിരുന്നത്. ഇതില്‍ ഒരേക്കറൊഴികെ പൂർണമായും വിളവെടുപ്പ് നടത്തിയിരുന്നു. മേഖലയിലെ എല്ലാ കർഷകർക്കും മുന്‍കാല പ്രാബല്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നതായും കൃഷി വകുപ്പ് അധികൃതർ വ്യക്തമാക്കി. കൃഷി വകുപ്പിന് വീഴ്ചയില്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസർ ഷീല വിശദീകരിച്ചു. കൃഷി വകുപ്പ് എല്ലാ ആനുകൂല്യങ്ങളും രാജീവിന് കൊടുത്തിട്ടുണ്ട്. മുന്‍ വർഷങ്ങളില്‍ കൃഷിനാശമുണ്ടായപ്പോള്‍ വിള ഇന്‍ഷുറന്‍സും നഷ്ടപരിഹാരവും നല്‍കിയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസർ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News