'ആർഎസ്എസിനെതിരായ പോരാട്ടം തുടരും, ഭീഷണികളെ ഭയപ്പെടില്ല'; തുഷാർഗാന്ധി
ആർഎസ്എസ് രാജ്യത്തിന് ആപത്താണെന്നും തുഷാര്‍ മീഡിയവണിനോട്
തിരുവനന്തപുരം: ആര്‍എസ്എസിനെതിരായ പോരാട്ടം തുടരുമെന്ന് ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധി. ആര്‍എസ്എസ് രാജ്യത്തിന് ആപത്താണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. 'ഭീഷണികളെ ഭയപ്പെടുന്നില്ല. ആര്‍എസ്എസിനെ ചെറുക്കുന്നതിൽ കോൺഗ്രസും കമ്മൂണിസ്റ്റ് പാർട്ടിയും ജാഗരൂഗരാവണം. തനിക്കെതിരായ പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങളെ, തന്നെ എതിർക്കുന്നവർ മാനിക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു.
കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് തുഷാർ ഗാന്ധി നടത്തിയ പ്രസംഗമാണ് സംഘ്പരിവാറിനെ പ്രകോപിപ്പിച്ചത്. പരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന തുഷാർ ഗാന്ധിയുടെ വാഹനം സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഗാന്ധിമണ്ഡലം പ്രവർത്തകരോട് തട്ടിക്കയറി. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ തുഷാർ ഗാന്ധി നിലപാടിൽ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചു.'ഗാന്ധിജി കീ ജയ് 'എന്ന് വിളിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്.
തുഷാർ ഗാന്ധിയെ തടഞ്ഞ സംഘപരിവാർ നടപടിയിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ജനാധിപത്യ മൂല്യമുയർത്തിപ്പിടിക്കുന്നവർ ഒന്നടങ്കം എതിർക്കേണ്ട കുറ്റകൃത്യമാണ് സംഘപരിവാർ ചെയ്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോംഗം എം. എ ബേബി കുറ്റപ്പെടുത്തി. തുഷാർ ഗാന്ധി വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കുന്നു എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സംഘ്പരിവാർ നടപടി കേരളത്തിനാകെ അപമാനം എന്ന് കെപിസിസി അധ്യക്ഷൻ കെ .സുധാകരനും കുറ്റപ്പെടുത്തി.ജ്യത്തിൻറെ ആത്മാവിനെ ബാധിച്ച ക്യാൻസറാണ് സംഘപരിവാർ എന്നും അതു പറയുന്നതിൽ എന്താണ് തെറ്റൊന്നും സുധാകരൻ ചോദിച്ചു.