കോഴിക്കോട് വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു
കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്
കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുകളില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരാളുടെ മൃതദേഹം കാറിന് പുറത്തായിരുന്നു. എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. കാറിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു. കെഎസ്ഇബി ഓഫീസില്‍ വിളിച്ച് വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പ്രദേശവാസി ഫല്‍ഗുണന്‍ പറഞ്ഞത്..
വലിയ ശബ്ദം കേട്ടാണ് വന്നത്. കറന്‍റ് പോയിരുന്നു. ഞാന്‍ വന്നപ്പോള്‍ ഒരാളുടെ മൃതദേഹം റോഡിലാണ് കിടന്നിരുന്നത്. ബാക്കി നാല് പേരും കാറിനുള്ളിലായിരുന്നു. കണ്ടപ്പോള്‍ തന്നെ മരിച്ച അവസ്ഥയിലായിരുന്നു. വാഹനം മറിഞ്ഞുകിടക്കുന്ന അവസ്ഥയിലായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും പൊലീസെത്തി. ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
മറ്റൊരു പ്രദേശവാസി പറഞ്ഞതിങ്ങനെ-
4.45ഓടെയാണ് സംഭവം. ലോറി ഇടിച്ചത് വൈദ്യുത പോസ്റ്റിനായതുകൊണ്ട് പെട്ടെന്ന് വണ്ടി തൊടാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. കെഎസ്ഇബി ഓഫീസില്‍ വിളിച്ച് കറന്‍റ് ഓഫ് ആക്കിയ ശേഷമാണ് സമീപത്തുപോയത്. ലോറി ഡ്രൈവറുടെ കാല് മാത്രമേ കുടുങ്ങിയിരുന്നുള്ളൂ. അത് അയാള്‍ തന്നെ വലിച്ചെടുത്തു. കാറിലുണ്ടായിരുന്നവരെ സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോ പൊലീസെത്തി, ആംബുലന്‍സും വന്നു. ജീവന്‍ തിരിച്ചുകിട്ടിയേക്കും എന്നു തോന്നിയ ഒരാളെ വേഗം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് പേര്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.