മലബാര്‍ സമര നേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ചരിത്രവിരുദ്ധം: ഫോര്‍വേഡ് ബ്ലോക്ക്

തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എച്ച്.ആര്‍ ചെയര്‍മാന് ദേവരാജന്‍ കത്തു നല്‍കി

Update: 2021-08-25 15:58 GMT

മലബാര്‍ സമര നേതാക്കന്മാരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സിലിന്‍റെ (ഐ.സി.എച്ച്.ആര്‍) തീരുമാനം അപലപനീയവും ചരിത്രവിരുദ്ധവുമാണെന്ന്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. പ്രസ്തുത തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എച്ച്.ആര്‍ ചെയര്‍മാന് ദേവരാജന്‍ കത്തു നല്‍കി.

"ബ്രിട്ടീഷ്‌ ആധിപത്യത്തിനെതിരെ വിവിധ മത വിഭാഗങ്ങള്‍, ഗോത്ര വര്‍ഗ്ഗക്കാര്‍, തൊഴിലാളികള്‍, നാട്ടുപ്രമാണിമാര്‍, യുവജനങ്ങള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍, തുടങ്ങിയവരൊക്കെ അവരവരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് പല രൂപത്തിലുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇത്തരം സമരങ്ങളെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരവുമായി ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിച്ചിരുന്നു. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ക്കുകയും സുല്‍ത്താനായിരുന്ന ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ലോക വ്യാപകമായി നടന്ന ജനകീയ സമരമാണ് ഖിലാഫത്ത് പ്രസ്ഥാനം. ഇതിന്‍റെ ചുവടു പിടിച്ചാണ് ഇന്ത്യയില്‍ ആലി സഹോദരന്മാര്‍, ഹസ്രത് മൊഹാനി, മൗലാന അബുല്‍ ഖലാം ആസാദ്, ഹക്കിം അജ്മല്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി 1919ല്‍ രൂപമെടുക്കുന്നത്.

Advertising
Advertising

1920ല്‍ ഖിലാഫത്ത് കമ്മിറ്റി ബ്രിട്ടീഷ്‌ സര്‍ക്കാരിനെതിരായി നിസ്സഹകരണ സമരം പ്രഖ്യാപിച്ചു. ഹിന്ദു-മുസ്‍ലിം ഐക്യം ദൃഢമാക്കുന്നതിനായി ഈ അവസരം ഉപയോഗിക്കാന്‍ ഗാന്ധിജിയും ബാലഗംഗാധര തിലകനും തീരുമാനിച്ചു. 1920 സെപ്റ്റംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനം ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കാനും നിസ്സഹകരണ പ്രസ്ഥാനം ദേശവ്യാപകമാക്കാനും തീരുമാനിച്ചു. ഈ ഖിലാഫത്തിന്‍റെ ഭാഗമായിരുന്നു മലബാര്‍ കലാപവും.

ഖിലാഫത്തിനു ശേഷം തുര്‍ക്കിയില്‍ അധികാരത്തിലെത്തിയ മുസ്തഫ കമാല്‍ പാഷ തുര്‍ക്കിയെ മതേതര രാജ്യമായാണ്‌ പരിവര്‍ത്തനം ചെയ്തത്. ഇതില്‍ നിന്നും മതാധിഷ്ടിത രാജ്യ സംസ്ഥാപനമല്ല മറിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്ത വിരുദ്ധ ജനകീയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് എന്ന് വ്യക്തമാണ്. ഈ ചരിത്ര വീക്ഷണ കോണിലൂടെ ആയിരിക്കണം മലബാര്‍ കലാപത്തെ പുനര്‍ വായിക്കേണ്ടതെന്നും ദേവരാജന്‍ കത്തില്‍ ആവശ്യപ്പെട്ടു. ആഗസ്റ്റ്‌ 14നെ വിഭജന ദിനമായി ഓര്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും സ്വാതന്ത്ര്യ സമരത്തെ വര്‍ഗീയമായി വിഭജിക്കുവാനുള്ള നീക്കവും ധീരദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളെ ആക്ഷേപിക്കുന്നതിനു തുല്യമാണ്"- ജി ദേവരാജന്‍ കത്തില്‍ വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News