Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: അനർഹർക്ക് വ്യാപകമായി ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നതായി പരാതി. ഭിന്നശേഷി നിയമനത്തിനായാണ് സർക്കാർ ആശുപത്രികൾ മുഖേന സർട്ടിഫിക്കറ്റ് നേടുന്നത്. ഡ്രൈവിങ് ലൈസന്‍സുള്ള ആള്‍ വരെ കാഴ്ച പരിമിതി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.
കാഴ്ചശക്തിയില്ലെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഒരാൾ ഭിന്നശേഷി സംവരണം വഴി അധ്യാപികയായി ജോലിക്ക് കയറിയത്. എന്നാല്‍ ഇയാള്‍ക്ക് തന്നെ ഡ്രൈവിങ് ലൈസന്‍സുമുണ്ട്. കാഴ്ച ശക്തിക്ക് പ്രശ്നമില്ലെന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഒരാല്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നത്. അയാള്‍ തന്നെ കാഴ്ചക്ക് 60 ശതാനം കുറവുണ്ടെന്ന് കാണിച്ച് ഭിന്ന ശേഷി സംവരണത്തിലൂടെ ജോലിയും നേടുന്നു. ഭിന്നശേഷി സംവരണത്തില്‍ അനർഹർ കടന്നുകൂടുന്നതിന്റെ ഉദാരണമാണ് ഇത്.
അനർഹർ തട്ടിപ്പിലൂടെ ജോലി നേടുമ്പോള്‍ യഥാർഥ ഭിന്നശേഷക്കാരാണ് ഇരകളാകുന്നത്. കുറ്റ്യാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പിന്റെ തെളിവു സഹിതം കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് 2018 ൽ കുറ്റ്യാടി പൊലീസിൽ പരാതി നൽകി. എന്നാൽ ഇതുവരെ കാര്യമായ നടപടിയില്ല. അപസ്മാരമുള്ള വ്യക്തിക്ക് താൽക്കാലികമായി നൽകിയ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചും ജോലി നേടുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി പുറത്തുകൊണ്ടുവരാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അന്വേഷണം നടത്തണം എന്നാണ് പരാതിക്കാരുടെ ആവശ്യം.