'സുഹൃത്തായ ഫിറോസിന്റെ മണ്ണിൽ കുതിർന്ന ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു കൂട്ടുകാരൻ, അവന്റെ പേര് മനുപ്രസാദ്': വൈറലായി ഫേസ്ബുക്ക് കുറിപ്പ്

''ഫിറോസിന്റെ ഓർമ്മക്കായി ഫിർഷാദ് അത് സൂക്ഷിച്ചില്ല, പെങ്ങൾക്ക് വേണമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല''

Update: 2025-01-23 05:14 GMT

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തില്‍ ജീവൻ നഷ്ടമായൊരു ആത്മാർത്ഥ സുഹൃത്തിന്റെ ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു സുഹൃത്തിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മമ്മൂട്ടി അഞ്ചുകുന്ന് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഫിർഷാദാണ്, തന്റെ സുഹൃത്തിന്റെ ശേഷിപ്പുകള്‍ക്കായി കാത്തിരുന്ന മനുപ്രസാദ് എന്നയാളെക്കുറിച്ച് പറയുന്നത്. ഫിർഷാദിന്റെ സഹോദരൻ ഫിറോസിന്റെ ശേഷിപ്പുകൾക്കാണ് മനുപ്രസാദ് കാത്തിരുന്നത്. മുണ്ടക്കൈ ദുരന്തത്തില്‍ ഫിറോസ് മരിച്ചിരുന്നു.

മനുപ്രസാദ് പ്രവാസിയാണ്. ഫിറോസിന്റെ വാച്ചും ഫോണും നാണയത്തുട്ടുകളുമടങ്ങിയ കവറിനായാണ് മനുപ്രസാദ് കാത്തിരുന്നത്. നാട്ടിലെത്തിയപ്പോള്‍ ഈ കവർ കൊടുക്കുകയും ചെയ്തു. തന്റെ പെങ്ങളടക്കം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത കവറാണ് മനുപ്രസാദിന് കൈമാറിയതെന്നും ഫിര്‍ഷാദ് പറയുന്നുണ്ട്.

Advertising
Advertising

ഫിറോസ് മാത്രമല്ല അദ്ദേഹത്തിന്റെ ഉമ്മയേയും ഉപ്പയേയും മകനുമെയെല്ലാം ഉരുൾ കവർന്നിരുന്നു. ഫിര്‍ഷാദ് മാത്രമാണ് ബാക്കിയായത്. എംഎൽഎ ടി സിദ്ദീഖ് അടക്കം കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

''ഞാനുപയോഗിക്കുന്ന കാർ കഴിഞ്ഞൊരു ദിവസം ഫിർഷാദ് കൊണ്ടു പോയിരുന്നു. നല്ല ഭംഗിയായി വസ്ത്രം ധരിക്കുന്ന, മനോഹരമായി ചിരിക്കുന്നവൻ. കുറഞ്ഞ കാലയളവിൽ തന്നെ എന്നെ വിസ്മയിപ്പിച്ച ഒരുവനാണ് ഫിർഷാദ്. ആറു മാസമായിട്ടേയുള്ളൂ ഞങ്ങൾ തമ്മിൽ പരിചയമായിട്ട്. മുണ്ടക്കൈ ഉരുൾ പൊട്ടലിൽ ഉപ്പയും ഉമ്മയും ജ്യേഷ്ഠനും, ജ്യേഷ്ഠന്റെ ഭാര്യയും കുഞ്ഞുമെല്ലാം അവനു നഷ്ടപ്പെട്ടു. ആ പ്രതിസന്ധിയെയെല്ലാം അതിശയകരമായി ഒരു ചെറുപ്പക്കാരൻ മറികടക്കുന്നത് വിസ്മയത്തോടെ ഞാൻ അവനിലൂടെ അനുഭവിക്കുകയാണ്. തന്റെ ഭാഗമായിരുന്ന മനുഷ്യർ ഇല്ലാതാവുമ്പോൾ അവനും ഇല്ലാതാവുകയല്ല. പുതിയൊരാളായി തന്നെ തന്നെ മാറ്റിപണിയുകയാണ് അവനും അവനെയെന്ന പോലെ ആ നാട്ടിലെ മിക്കവരും.

ഫിർഷാദ് കാറ് കൊണ്ടു തന്നതിന്റെ പിറ്റേന്ന് രാവിലെ കാറിന്റെ പിൻസീറ്റിൽ ഒരു പൊതി കണ്ടു. ഒരു കവറിൽ പൊതിഞ്ഞു വെച്ച പഴയ ഒരു വാച്ചും മൊബൈലും, ഒപ്പം ഡ്രൈവിങ് ലൈസൻസിന്റെ ഒരു കഷ്ണവുമുണ്ട്. മറ്റൊരു കുഞ്ഞു കവറിൽ കെട്ടിവെച്ച കുറച്ചു ചില്ലറ പൈസയും. എല്ലാത്തിലും ചെളി കയറിയിട്ടുണ്ട്. , ഉരുൾ പൊട്ടലിന്റെ ബാക്കിപത്രമെന്ന് കണ്ടാലറിയാം. കാറിൽ മറന്നു വെച്ചതാകും.

അധികം നേരമായില്ല, അവന്റെ ഫോൺ വന്നു

എപ്പോൾ അവൻ വിളിച്ചാലും ഞാൻ

"മിസ്റ്റർ ചിഞ്ചൂ.. പറയൂ " എന്ന് പറഞ്ഞാണ് തുടങ്ങുക. ചിഞ്ചു എന്നാണ് അവനെ എല്ലാവരും വിളിക്കാറ്.

"മമ്മൂട്ടിക്കാ കാറിൽ ഒരു കവറുണ്ട്, അത് കളഞ്ഞു പോവല്ലേ "

"ആ ഞാൻ കണ്ടു, എന്താണ് സംഗതി"

"അത് ഫിറോസിന്റെതാണ്, ഞാനവിടെ വന്നിട്ട് എടുക്കാം"

ഫിർഷാദിന്റെ ജ്യേഷ്ഠനായിരുന്നു ഫിറോസ്. ഇന്നവനില്ല. ഉരുൾ അവനെ എങ്ങോട്ടോ കൊണ്ടു പോയി. അവനെ മാത്രമല്ല, ഭാര്യയെയും ഒരു വയസ്സുള്ള അവന്റെ കുഞ്ഞിനേയും. ഫിറോസിന്റെതായി തിരിച്ചറിഞ്ഞ മയ്യത്ത് അന്ന് മേപ്പാടിക്കടുത്ത് നെല്ലിമുണ്ടയിൽ ഖബറടക്കി. അന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ ഫിർഷാദ് അവിടെ പോകും. ഖബറിനടുത്ത് നിന്ന് കാര്യങ്ങളെല്ലാം പറയും എത്രയോ നേരം ജ്യേഷ്ഠനോട് അവന്റെ കഥകൾ പറഞ്ഞിട്ടാണ് അവൻ പള്ളിക്കാട്ടിൽ നിന്നിറങ്ങാറ് . മാസങ്ങൾ കഴിഞ്ഞ് DNA പരിശോധന ഫലം വന്നപ്പോൾ ആ ഖബറിനുള്ളിൽ ഫിറോസല്ല, മറ്റൊരാളായിരുന്നു. ചെറുതാക്ക, അയാളോട് ഒരു പാട് കഥകൾ പറഞ്ഞത് കേട്ടിട്ട് ഇവനെന്തിനാണ് എന്നോട് ഇതൊക്കെ പറയുന്നത് എന്ന് ആ കാക്ക ആലോചിച്ചു കാണുമെന്നു പറഞ്ഞു പൊട്ടിച്ചിരിച്ച അവനൊപ്പം ചിരിക്കാതെ പിടിച്ചു നിൽക്കാൻ എനിക്കും പറ്റുമായിരുന്നില്ല. ഞാൻ അവരെ ചിരിപ്പിക്കുകയല്ല. അവർ എന്നെ ചിരിപ്പിക്കുകയാണിപ്പോൾ.

ഫിറോസിന്റെ വാച്ചും മൊബൈലുമെടുക്കാൻ രാവിലെ തന്നെ 40 കിലോമീറ്റർ ഇപ്പുറം അഞ്ചുകുന്നിലേക്ക് അവനെത്തി. ആ പൊതിയെടുത്ത് കയ്യിൽ കൊടുക്കുമ്പോൾ ഇതെന്താണ് ഇത്ര അർജന്റ് വൈകുന്നേരം ഞാൻ സ്കൂൾ കഴിഞ്ഞ് അങ്ങോട്ട് വരുമ്പോൾ കൊണ്ടു വരുമായിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അവന്റെ സ്വതസിദ്ധമായ ചിരി.

" ഫിറോസിന്റെ കൂട്ടുകാരൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്, ഇതവന് വേണം. ഇത് നഷ്ടപ്പെടാതിരിക്കാൻ വന്നയുടൻ അവനെന്നോട് ബന്ധപ്പെട്ടു, അവനിപ്പോൾ തന്നെ ഞാനിത് കൊണ്ടു കൊടുക്കട്ടെ "

ഫിറോസിന്റെ ഓർമ്മക്കായി ഫിർഷാദ് അത് സൂക്ഷിച്ചില്ല, പെങ്ങൾക്ക് വേണമെന്ന് പറഞ്ഞിട്ടും കൊടുത്തില്ല. ഫിറോസിന്റെ ആ ആത്മസുഹൃത്തിന്റെ വോയിസ് അവനെനിക്ക് കേൾപ്പിച്ചു തന്നു

" ചിഞ്ചൂ, അതെനിക്ക് വേണം, നീ അത് കഴുകുകയോ വൃത്തിയാകുകയോ ഒന്നും ചെയ്യല്ലേ, എനിക്കത് അതേ പോലെ തന്നെ തരണം "

തന്റെ പ്രിയ സുഹൃത്തിന്റെ, മണ്ണിൽ കുതിർന്ന ശേഷിപ്പുകൾക്കായി കടൽ കടന്നെത്തി കാത്തിരിക്കുന്ന എനിക്കറിയാത്ത മറ്റൊരു ചെറുപ്പക്കാരൻ, എന്റെ കണ്ണും മനസ്സും നിറക്കാൻ അത് മതിയായിരുന്നു. . എന്തൊരു മനുഷ്യരാണ്. ബന്ധങ്ങൾക്ക്, സൗഹൃദങ്ങൾക്ക്, ഓർമ്മകൾക്ക്, സിഗ്നേച്ചറുകൾക്ക് ചിലയിടങ്ങളിൽ എന്തൊരു മൂല്യമാണ്. ഞാൻ ഇല്ലാതായിപോകുന്നത് ഈ മനുഷ്യരുടെയൊക്കെ മുന്നിലാണ്. നിർവ്വികാരതയോടെ നിൽക്കേണ്ടി വരുമപ്പോഴെല്ലാം, മനുഷ്യ ബന്ധങ്ങളുടെ ഇത്തരം ആഴവും പരപ്പും കാണുമ്പോഴെല്ലാം അർഹിക്കാത്ത ഏതോ ഒരിടത്ത് ചെന്നു പെട്ട പോലെ തോന്നും...

ഇത്രയുമെഴുതിക്കഴിഞ്ഞപ്പോൾ ഈ നിമിഷം ഞാൻ ചിഞ്ചുവിനു മെസേജ് ചെയ്തു

" അത് കൊടുത്തോ അന്ന് തന്നെ"

" ഉം, മുത്തുപ്പയുടെ കയ്യിൽ കൊടുത്തയച്ചു"

"എന്തേ നേരിട്ട് കൊടുത്തില്ല?"

" ഓനെ കാണാൻ ധൈര്യമില്ല, കണ്ടാൽ സീൻ ആണ് "

ഞാൻ അവനു ഡയൽ ചെയ്തു. ഒരു കൗതുകത്തിനായി ഫിറോസിന്റെ ആ സുഹൃത്തിന്റെ പേര് ചോദിച്ചു. തന്റെ സുഹൃത്തിന്റെ ആകെയുള്ള ശേഷിപ്പുകളെ മറവി എന്ന സ്വാഭാവികതയോട് പൊരുതാനുറച്ചു തനിക്ക് വേണമെന്ന് വാശി പിടിച്ചവനോടുള്ള ഒരു ആദരവിന് വേണ്ടി മാത്രം.

" മനുപ്രസാദ് "

ഞങ്ങൾ മറ്റൊന്നും പറയാതെ ഫോൺ വെച്ചു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News