എലൂരിൽ 40 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്
കളമശ്ശേരി:വിൽപനക്കായി ഒഡിഷയിൽ നിന്നും കൊണ്ടു വന്ന 40 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഏലൂരിൽ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സിബിന നഗറിൽ എസ്.കെ. രാജു( 19), ജലാങ്കി ,ഭാവന ബാദിൽ സൂരജ് (18) എന്നിവരെയാണ് ഡാൻസാഫ് ടീം പിടി കൂടിയത്. ഏലൂരിൽ ആനവാതിൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കിൽ വിൽപന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി. ട്രെയിൻ മാർഗമായിരുന്നു കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
സിറ്റി പൊലീസ് കമ്മിഷണർ പുട്ടവിമലാദിത്യന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിസിപിമാരായ അശ്വതി ജിജി , ജുവനപ്പുടി മഹേഷ്, നർകോർട്ടിക് സെൽ എസിപി. കെ.എ. അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് ടീമംഗങ്ങളും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഏലൂർ ആനവാതിൽ ജംഗ്ഷന് സമീപത്ത് നിന്നും പിടികൂടിയത്.