സ്വർണക്കൊള്ള: ആസൂത്രണത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
അറസ്റ്റിലായ മുരാരി ബാബുവിൻ്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ SIT റെയ്ഡ് നടത്തി
തിരുവന്തപുരം: ശബരിമല സ്വർണ ക്കൊള്ളയുടെ ആസൂത്രണത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. മുരാരി ബാബുവിന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാവും ഏതൊക്കെ ഉദ്യോഗസ്ഥരെ അടുത്തതായി വിളിച്ചു വരുത്തണമെന്ന് എസ്ഐടി തീരുമാനിക്കുക.
കൂടുതൽ തെളിവ് ലഭിക്കുകയാണെങ്കിൽ മറ്റ് ഉദ്യോഗസ്ഥരുടെയും അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കും. അറസ്റ്റിലായ മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടിൽ SIT റെയ്ഡ് നടത്തി. വൈകിട്ട് നടന്ന പരിശോധന ഒരു മണിക്കൂർ നീണ്ടു.
സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചില രേഖകൾ സംഘത്തിന് കിട്ടിയതായാണ് സൂചന. പരിശോധനകൾക്ക് ശേഷം SlT സംഘം തിരുവനന്തപുരത്തേക്ക് മടങ്ങി. നേരത്തെ ദേവസ്വം വിജിലൻസും മുരാരിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. മൂരാരി ബാബുവിനെ കൂടാതെ മറ്റ് എട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘം കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഇവരുടെ ചോദ്യം ചെയ്ത ശേഷമാകും ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാർ അടക്കമുള്ളവരെ വിളിച്ചു വരുത്തുക. ബുധനാഴ്ച രാത്രി 10 മണിയോടെ ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒന്നാംപ്രതിയായിട്ടുള്ള രണ്ടു കേസുകളിലും രണ്ടാംപ്രതിയാണ് മുരാരി ബാബു.